ജിദ്ദ: ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ. രാത്രി വരെ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റെഡ് അലർട്ടാണ് നൽകിയിരിക്കുന്നത്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
ഇന്നലെ രാത്രി തുടങ്ങിയ മഴ ഘട്ടം ഘട്ടമായി വിവിധ പ്രവിശ്യയിലെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ് അറിയിച്ചു. വടക്കൻ പ്രവിശ്യയിൽ നിന്ന് മഴ അൽഖസീം, റിയാദ്, കിഴക്കൻ പ്രവിശ്യ, അൽബാഹ, അസീർ, മദീന, മക്ക പ്രവിശ്യകളിലെത്തും.
ബുധനാഴ്ച വരെ ഈ അവസ്ഥ തുടരും.ശക്തമായ മഴയോടൊപ്പം ശക്തമായ ഇടിയും മിന്നലും റിപ്പോർട്ട് ചെയ്തു. മക്ക പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായിരുന്നു. ഇപ്പോഴും അന്തരീക്ഷം മേഘാവൃതമാണ്. ജിദ്ദയിലും മക്കയിലും രാവിലെ മുതൽ തന്നെ മൂടികെട്ടിയ നിലയിലായിരുന്നു അന്തരീക്ഷം. രാവിലെ 9.30 ഓടെ പലഭാഗങ്ങളിലും മഴ വർഷിച്ചു തുടങ്ങി. മിന്നലൂം ഇടിയും ശക്തമായതോടെ സ്വാകര്യ മേഖലയിലെ പല സ്ഥാപനങ്ങളും ജീവനക്കാർക്ക് അവധി നൽകി.മഴവെള്ളം കുത്തിയൊലിച്ച് തുടങ്ങിയതോടെ റോഡുകളിൽ വെള്ളം കയറി. നിരവധി വാഹനങ്ങൾ പല സ്ഥലങ്ങളിലും റോഡുകളിൽ കുടുങ്ങി. ചില സ്ഥലങ്ങളിൽ ചെറിയ മരങ്ങൾ റോഡുകളിലേക്ക് വീണതോടെ ഗതാഗതം തടസപ്പെട്ടു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ബുധനാഴ്ച വരെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റും ആലിപ്പഴ വർഷവും ഉണ്ടാകാനിടയുണ്ട്.അതിനിടെ, കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ഫ്ളൈറ്റ് സമയം ഉറപ്പുവരുത്താൻ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുമ്പായി യാത്രക്കാർ വിമാന കമ്പനികളുമായി ആശയവിനിമയം നടത്തണമെന്ന് ജിദ്ദ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട് ആവശ്യപ്പെട്ടു. കനത്ത മഴ ചില വിമാന സർവീസുകൾക്ക് കാലതമാസം നേരിടാൻ ഇടയാക്കിയേക്കും. കാലാവസ്ഥാ സംഭവവികാസങ്ങൾ നിരീക്ഷിക്കണമെന്നും വിമാനത്താവളത്തിലേക്ക് പോകുന്നതിനു മുമ്പായി വിമാന കമ്പനിയുമായി ഏകോപനം നടത്തി യാത്ര ക്രമീകരിക്കണമെന്നും യാത്രക്കാരോട് ജിദ്ദ എയർപോർട്ട് ആഹ്വാനം ചെയ്തു.