ദോഹ: സി ഐ സി സംവിധാനത്തിന്റെ ഔന്നത്യത്തിനായി പ്രവർത്തിക്കുകയും മികച്ച സേവനങ്ങൾ സമർപ്പിക്കുകയും ചെയ്യുന്നവരെ ആദരിക്കുന്നതിന്റെ ഭാഗമായി ഖത്തർ വാഫി അലുംനി നൽകിവരുന്ന വാഫി എഫിഷ്യൻസി അവാർഡിന് ഇത്തവണ ഉസ്താദ് ഇബ്രാഹിം ഫൈസി ഉഗ്രപുരം അർഹനായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. 2015 മുതൽ വാഫി സംസ്ഥാന കലോത്സവ വേദിയിൽ വച്ചാണ് അവാർഡ് സമ്മാനിച്ചു വരുന്നത്.
അക്കാദമിക സൂക്ഷ്മതയും ഗുണനിലവാരവും നിലനിർത്തുന്നതിൽ സമഗ്രവും സമയബന്ധിതവുമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന പരീക്ഷാ ബോഡിൻ്റെ പ്രവർത്തനങ്ങൾ, സിലബസ് പരിഷ്കരണങ്ങൾ, പാഠപുസ്തക നിർമ്മാണങ്ങൾ, ശില്പശാലകൾ, ആഭ്യന്തര നിർവ്വഹണ സമിതികൾ തുടങ്ങിയ മേഖലകളിൽ കാഴ്ചവച്ച മാതൃകാപരമായ സേവനങ്ങളാണ് ഇബ്രാഹിം ഫൈസിയെ അവാർഡിന് അർഹനാക്കിയത്.
പരീക്ഷാ രീതികളും സംവിധാനങ്ങളും നിയമങ്ങളും നിരന്തരമായും കാലാനുസൃതമായും നവീകരിക്കുന്നതിലും അത് കുറ്റമറ്റ രീതിയിൽ കർക്കശമായി നടപ്പിലാക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ് എന്ന് സമിതി വിലയിരുത്തി.
വാഫി - വഫിയ്യ കോളേജുകളിൽ 2020 മുതൽ നടപ്പിൽ വന്ന പുതിയ കരിക്കുലത്തിന്റെ നിർമ്മാണത്തിലും ഇപ്പോൾ വാഫി ആർട്സ് കോളേജുകളിൽ ആലിയ ഘട്ടത്തിൽ പഠിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ടെക്സ്റ്റ് ബുക്കുകൾ തയ്യാറാക്കുന്നതിലും അദ്ദേഹത്തിൻ്റെ സംഭാവനകൾ പ്രത്യേകം പരാമർശിക്കപ്പെട്ടു.
കഴിഞ്ഞ 20 വർഷത്തോളമായി സിഐസിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഇബ്രാഹിം ഫൈസി,
ഏൽപ്പിക്കുന്ന പൊതുവായ ഉത്തരവാദിത്വങ്ങൾക്ക് പുറമെ കഴിഞ്ഞ 8 വർഷം എടവണ്ണപ്പാറ റശീദിയ്യയിലും പിന്നീട് 11 വർഷം വെങ്ങപ്പള്ളി ശംസുൽ ഉലമാ അക്കാദമിയിലും നിലവിൽ രണ്ട് വർഷത്തോളമായി തൂത ദാറുൽ ഉലൂം വാഫി കോളേജിലും അധ്യാപകനായി സേവനം ചെയ്തുവരുന്നു.