റിയാദ്: സഊദിയിൽ വിദേശ തൊഴിലാളികളുടെ യോഗ്യത ഉറപ്പുവരുത്തുന്ന പ്രൊഫഷനൽ അക്രഡിറ്റേഷൻ പ്രോഗ്രാമിൻ്റെ ഭാഗമായ പ്രൊഫഷനൽ വെരിഫിക്കേഷൻ പദ്ധതി മുഴുവൻ രാജ്യങ്ങളിലും പ്രാബല്യത്തിൽ വന്നതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
വിദേശ മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കുന്നത്. സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന തൊഴിലാളികളുടെ നൈപുണ്യങ്ങൾ ഉയർത്താൻ ലക്ഷ്യമിടുന്ന പദ്ധതിയിലൂടെ സൗദിയിലേക്ക് തൊഴിലാളികളെ അയക്കുന്ന 160 രാജ്യങ്ങളെയാണ് ഉന്നമിട്ടിരുന്നത്. ഈ രാജ്യങ്ങൾ മുഴുവൻ പരിധിയിൽ വന്നതോടെ പദ്ധതിയുടെ അവസാന ഘട്ടവും പൂർത്തിയായതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.മന്ത്രിസഭാ തീരുമാന പ്രകാരമാണ് പ്രൊഫഷനൽ വെരിഫിക്കേഷൻ പദ്ധതി നടപ്പാക്കുന്നത്. സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വിദേശ തൊഴിലാളികൾക്ക് വിശ്വസനീയമായ അക്കാദമിക് യോഗ്യതകളും സൗദി തൊഴിൽ വിപണിക്ക് ആവശ്യമായ പ്രായോഗിക പരിചയവും വൈദഗ്ധ്യവും ഉണ്ടെന്നും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.