റിയാദ്: സഊദിയിൽ നാട്ടിലേക്ക് അവധിക്ക് പോയവർക്ക് റീ
എൻട്രിയുടെ കാലാവധി ദീർഘിപ്പിക്കണമെങ്കിൽ ഇനി മുതൽ ഇരട്ടി ഫീസ് നൽകണം. ഇതുവരെ ഒരു മാസത്തിന് 100 റിയാൽ എന്ന തോതിലായിരുന്നു ഫീ അടക്കേണ്ടിയിരുന്നെങ്കിലും ഇപ്പോൾ 200 റിയാൽ ആണ് അടക്കേണ്ടത്. രണ്ട് മാസത്തേക്ക് 400, മൂന്നു മാസത്തേക്ക് 600, നാലു മാസത്തേക്ക് 800 എന്നിങ്ങനെയാണ് പുതുക്കിയ ഫീ നിരക്ക്. ഒരാഴ്‌ച്‌ച മുമ്പാണ് പുതിയ വ്യവസ്ഥ ബാങ്കുകളിൽ അപ്ഡേറ്റ് ചെയ്തത്.
സ്ഥാപനത്തിന്റെ അബ്ശിർ ബിസിനസ് വഴിയാണ് റീ എൻട്രി ദീർഘിപ്പിക്കൽ സർവീസ് ചെയ്യുന്നതെങ്കിൽ 103.50 റിയാൽ സർവീസ് ചാർജും നൽകണം. അഥവാ ഒരു മാസം റീ എൻട്രി ദീർഘിപ്പിക്കാൻ 300 ലധികം റിയാൽ ചെലവുവരുമെന്നർഥം. കമ്പനികളുടെ മുഖീം സിസ്റ്റം വഴിയാണെങ്കിൽ സർവീസ് ചാർജ് നേരിട്ട് അടക്കേണ്ടതില്ല. മുഖീമിൻ്റെ പോയിൻ്റ്റിൽ നിന്ന് തതുല്യ സംഖ്യ കട്ടായി പോകും.