റിയാദ്: സഊദി അറേബ്യയിലെ റിയാദിൽ ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുറഹീമിൻ്റെ മോചനം വൈകും. ഞായറാഴ്ച റിയാദ് ക്രിമിനൽ കോടതിയിൽ രാവിലെ വാദം തുടങ്ങിയെങ്കിലും കേസ് വീണ്ടും മാറ്റിവെക്കുകയായിരുന്നു. ഇത് ഏഴാം തവണയാണ് ഓരോ കാരണങ്ങളാൽ വിധി പറയുന്നത് മാറ്റി വെക്കുന്നത്.
വധശിക്ഷ ഒഴിവാക്കിയതിന് ശേഷം മോചനകാര്യത്തിൽ തീരുമാനമെടുക്കാനുള്ള ഏഴാമത്തെ കോടതി സിറ്റിങ്ങായിരുന്നു ഇന്ന് നടന്നത്. നേരത്തെയുള്ള സിറ്റിംഗുകളിൽ എല്ലാം പല കാരണങ്ങളാൽ വിധി പറയുന്നത് നീട്ടി വെക്കുകയായിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് തടവ് അടക്കമുള്ള ശിക്ഷകളിലാണ് ഇനി കോടതി തീരുമാനം വേരേണ്ടത്. കഴിഞ്ഞ സിറ്റിംഗുകളിൽ ഇത് സംബന്ധിച്ച് വാദം നടന്നിരുന്നു.സഊദി ബാലൻ കൊല്ലപ്പെട്ട കേസിൽ പതിനെട്ടു വർഷമായി വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന അബ്‌ദുറഹീമിന്റെ കേസ് കഴിഞ്ഞ ജൂലൈ രണ്ടിന് കോടതി റദ്ദാക്കിയെങ്കിലും ജയിൽ മോചന ഉത്തരവ് ഉണ്ടായിട്ടില്ല. പബ്ലിക് ഓഫൻസുമായി ബന്ധപ്പെട്ട കേസ് തീർപ്പാകാത്തതാണ് ഇതിന് കാരണം എന്നാണ് റിപ്പോർട്ട്. ഇതിന് മുമ്പ് പല തവണ കോടതി കേസ് പരിഗണിച്ചിരുന്നുവെങ്കിലും അന്തിമ വിധി പറയുന്നത് നീട്ടി വെക്കുകയായിരുന്നു.ഒന്നര കോടി സഊദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) ദിയാധനം നൽകുകയും കോടതി വധശിക്ഷ ഒഴിവാക്കുകയും ചെയ്തെങ്കിലും പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പുണ്ടാവാത്തതിനാൽ മോചന കാര്യത്തിൽ അനിശ്ചിതത്വം തുടർന്നിരുന്നു. ഇതിനുവേണ്ടിയുള്ള ആദ്യ സിറ്റിങ് ഒക്ടോബർ 21 നാണ് നടന്നത്. എന്നാൽ ബഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും അറിയിച്ച് കോടതി കേസ് മാറ്റിവെക്കുകയായിരുന്നു.
തുടർന്ന് കഴിഞ്ഞ നവംബർ 17 ന് വധശിക്ഷ ഒഴിവാക്കിയ അതേ ബഞ്ച് കേസ് പരിഗണിച്ചുവെങ്കിലും വിഷയം സൂക്ഷ്മമായി പരിശോധിക്കേണ്ടതുള്ളതിനാൽ കൂടുതൽ സമയം ആവശ്യപ്പെട്ട് കോടതി ഡിസംബർ എട്ടിലേക്ക് മാറ്റിയെങ്കിലും അന്നും തീരുമാനമായില്ല. തുടർന്ന് ഡിസംബർ 12ന് സിറ്റിങ് നടത്താൻ കോടതി തീരുമാനിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഡിസംബർ 30ലേക്ക് സിറ്റിങ് മാറ്റി. ഇതിൽ അനുകൂല വിധിയുണ്ടാവുമെന്ന പ്രതീക്ഷയിലായിരിക്കെ അത് വീണ്ടും ജനുവരി 15 ലേക്ക് മാറ്റുകയായിരുന്നു. ഇതിലെങ്കിലും ഒരു തീർപ്പുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. അതും മാറ്റി വെക്കുകയും ചെയ്തു. ഒടുവിൽ ഫെബ്രുവരി രണ്ടിന് വീണ്ടും കോടതി പരിഗണിച്ചെങ്കിലും ഏവരെയും നിരാശയിലാക്കി വീണ്ടും നീട്ടി വെക്കുന്നതായാണ് അറിയിപ്പ്.