ദില്ലി: ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഇന്നെത്തുമ്പോൾ ആത്മവിശ്വാസത്തോടെ കാത്തിരിക്കുകയാണ് നേതാക്കൾ. ദില്ലിയിൽ ആം ആദ്മി സർക്കാർ തുടരുമെന്ന പ്രതീക്ഷ പങ്കുവെയ്ക്കുകയാണ് മനീഷ് സിസോദിയ. സഖ്യസർക്കാർ സാധ്യതകളെക്കുറിച്ച് ഇപ്പോൾ ചർച്ചക്കില്ലെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് വ്യക്തമാക്കി. ഹൈക്കമാന്റാണ് അക്കാര്യം തീരുമാനിക്കേണ്ടത്.
എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിക്കാനിരിക്കേ ദില്ലിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൗണ്ടിംഗ് സെന്ററുകൾ കൂടാതെ പാർട്ടി ഓഫീസുകൾക്ക് മുന്നിലും കനത്ത സുരക്ഷാ സംവിധാനങ്ങളാണുള്ളത്. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണുള്ളത്. എട്ട് മണി മുതൽ 19 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ ആരംഭിക്കും. എട്ടേകാലോടെ ആദ്യഫല സൂചനകളെത്തും. തുടർഭരണം ഉറപ്പെന്ന് ആം ആദ്മി പറയുമ്പോൾ എക്സിറ്റ് പോളുകൾ നൽകിയ ആത്മവിശ്വാസത്തിലാണ് ബിജെപി. മുന്നേറ്റം സൃഷ്ടിക്കാനാകുമെന്ന് തന്നെയാണ് കോൺഗ്രസിന്റെയും പ്രതീക്ഷ.