റിയാദ്: ഉംറ ബസ് ഡ്രൈവർ യാത്രക്കിടെ കുഴഞ്ഞു വീണു മരിച്ചു. റിയാദിലെ വാദിനൂർ ഉംറ ഗ്രൂപ്പിൻ്റെ ബസ് ഡ്രൈവർ തിരുവമ്പാടി നസീമാ(50)ണ് മരിച്ചത്. ഡ്രൈവ് ചെയ്തു കൊണ്ടിരിക്കെ അവശത നേരിട്ട ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ട്ടപ്പെടുന്നത് കണ്ട സഹ ഡ്രൈവറുടെ സമയോചിത ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.
ഉംറയും മദീന സന്ദർശനവും കഴിഞ്ഞ് ബുധനാഴ്ച രാവിലെ റിയാദിലേക്ക് മടങ്ങി വരുമ്പോൾ 560 കിലോമീറ്റർ അകലെ ഉഖ്ലതുസ്സുഖൂറിൽ വെച്ച് ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം നടക്കുന്നത്. നാല്പതിലധികം ഉംറ തീർത്ഥാടകരുമായി കഴിഞ്ഞ ദിവസം റിയാദിൽ നിന്നും പുറപ്പെട്ട ബസ്സിലാണ് മടക്ക യാത്രക്കിടെ ഡ്രൈവർക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. സാഹചര്യം തിരിച്ചറിഞ്ഞ സഹഡ്രൈവർ ഉടനെ തന്നെ സാഹസികമായി നസീമിനെ ഡ്രൈവർ സീറ്റിൽ നിന്നും മാറ്റി വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ബസ് സൈഡിലേക്ക് മാറ്റി നിർത്തിയതിന് ശേഷം ഉടനെ തന്നെ ഡ്രൈവറെ ഉഖതുസ്സുഖൂർ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ഉഖതുസ്സുഖൂർ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.