ജിദ്ദ: മക്കയിൽ സന്ദർശന വിസക്കാർക്കുള്ള വിലക്ക് ഏപ്രിൽ 29 ന് നിലവിൽ വരുമെന്ന് അധികൃതർ വ്യക്തമാക്കി.
ദുൽഖഅദ ഒന്നു (ഏപ്രിൽ 29) മുതൽ ദുൽഹജ്14 (ജൂൺ11) വരെയുള്ള കാലത്ത് സന്ദർശന വിസക്കാർ മക്കയിൽ പ്രവേശിക്കുന്നതിനും മക്കയിൽ തങ്ങുന്നതിനും വിലക്കുണ്ട്. സന്ദർശന വിസക്കാർക്ക് ഹജ് കർമം നിർവഹിക്കാനും അനുമതിയില്ല. ഇക്കാര്യങ്ങൾ പുതുതായി ഇഷ്യു ചെയ്യുന്ന വിസിറ്റ് വിസകളിൽ പ്രത്യേകം രേഖപ്പെടുത്തുന്നുണ്ട്. ഹജ് ക്രമീകരണങ്ങളുടെ ഭാഗമായാണിത്.
കഴിഞ്ഞ വർഷം പതിനായിരക്കണക്കിന് ഈജിപ്തുകാരും ജോർദാനികളും അടക്കമുള്ളവർ വിസിറ്റ് വിസകളിൽ എത്തി അനധികൃതമായി ഹജ് കർമം നിർവഹിച്ചത് 1,300 ലേറെ തീർഥാടകരുടെ മരണത്തിന് ഇടയാക്കിയിരുന്നു. ഇക്കുറി മക്കയിൽ വിസിറ്റ് വിസക്കാർക്കുള്ള വിലക്ക് കൂടുതൽ ശക്തമായി അധികൃതർ നടപ്പാക്കും. ഇതിൻ്റെ ഭാഗമായാണ് വിസിറ്റ് വിസക്കാർക്ക് മക്കയിൽ പ്രവേശിക്കുന്നതിനും തങ്ങുന്നതിനും ഹജ് നിർവഹിക്കുന്നതിനുമുള്ള വിലക്കുള്ള കാര്യം വിസകളിൽ തന്നെ രേഖപ്പെടുത്തുന്നത്. ഇക്കുറി ശക്തമായ പരിശോധനയാകും ഈ കാലയളവിൽ മക്കയിൽ നടത്തുക.