പുനലൂർ: പൂട്ടിക്കിടക്കുന്ന വീടുകളിൽ മോഷണം നടത്തി വിലപ്പെട്ട സാധനങ്ങൾ കവരുന്ന അന്തർസ്സംസ്ഥാന മോഷ്‌ടാവ് പുനലൂർ പോലീസിന്റെ പിടിയിൽ. വിളക്കുടി ചരുവിള പുത്തൻവീട്ടിൽ ഷിജു (39) ആണ് പിടിയിലായത്.കഴിഞ്ഞ ദിവസം ഇളമ്പൽ പാപ്പാലം കോട്ടുനിന്നും സാഹസികമായാണ് പോലീസ് ഇയാളെ പിടികൂടിയത്. അക്രമാസക്തനായി ബ്ലേഡ് കൊണ്ട് പോലീസിനെ ആക്രമിച്ച പ്രതിയെ ഏറെ പണിപ്പെട്ടാണ് കീഴടക്കിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന, ഇളമ്പൽ സ്വദേശിയായ സഹായി ഓടിരക്ഷപ്പെട്ടു.
വിവിധ സംസ്ഥാനങ്ങളിലായി ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയാണ് ഷിജുവെന്നും പുനലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന വിവിധ മോഷണങ്ങളിൽ ഇയാളുടെ പങ്ക് തെളിഞ്ഞെന്നും എസ്.എച്ച്.ഒ. ടി. രാജേഷ്കുമാർ പറഞ്ഞു.ആന്ധ്രാപ്രദേശിൽ മോഷണം നടത്തിയതിനെത്തുടർന്ന് പിടിയിലായ ഇയാൾ ഇക്കഴിഞ്ഞ ഡിസംബർ ആറിനാണ് തിരുപ്പതി ജയിലിൽ നിന്നും പുറത്തിറങ്ങിയതെന്നും പോലീസ് വ്യക്തമാക്കി.
ഏതാനും ദിവസം മുൻപ് പുനലൂർ തൊളിക്കോട്ട് ഫയർസ്റ്റേഷന് എതിർവശത്തുള്ള 'രാജീവം' വീട്ടിൽ മോഷണം നടന്നതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.പത്തുദിവസത്തോളം പൂട്ടിക്കിടന്ന ഈ വീട്ടിൽ നിന്നും ഒരു പവനിലധികം വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയിരുന്നു. ബുധനാഴ്‌ചയാണ് മോഷണവിവരമറിഞ്ഞതും പോലീസ് കേസെടുത്തതും. ഇവിടെ നിന്നുള്ള വിരലടങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതിയെക്കുറിച്ച് വ്യക്തമായതെന്ന് പോലീസ് പറഞ്ഞു.
കരവാളൂർ പഞ്ചായത്തിലെ വെഞ്ചേമ്പ് ആയുർവേദ ആശുപത്രിയിൽ നടന്ന മോഷണത്തിലും വീട് കുത്തിത്തുറന്ന് മൂന്നരപ്പവൻ സ്വർണം കവർന്ന സംഭവത്തിലും പിറവന്തൂരിൽ പ്രവാസിയുടെ വീട്ടിൽ നിന്നും സ്വർണവും പണവും മോഷണം പോയ സംഭവത്തിലും ഇയാളാണ് പ്രതിനെ പോലീസ് പറഞ്ഞു.
മോഷണക്കേസിൽ ഒട്ടേറെത്തവണ ജയിൽവാസം അനുഭവിച്ചിട്ടുള്ള പ്രതി തമിഴ്‌നാട്ടിലാണ് താമസിച്ചുവന്നിരുന്നതെന്നും കേരളത്തിലേക്ക് വന്ന് പൂട്ടിക്കിടക്കുന്ന വീടുകൾ നിരീക്ഷിച്ച് മോഷണം നടത്തുകയായിരുന്നു പതിവെന്നും പോലീസ് പറഞ്ഞു.
വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്നും പോലീസ് പറഞ്ഞു. എസ്.ഐ.മാരായ എം.എസ്. അനീഷ്, കൃഷ്ണകുമാർ, പ്രൊബേഷണറി എസ്.ഐ. പ്രമോദ്, എ.എസ്.ഐ. സന്തോഷ്, സിവിൽ ഓഫീസർമാരായ മനീഷ്, ബിനു, ആദർശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.