കൽപറ്റ:അതിര്‍ത്തി തര്‍ക്കത്തിലുള്ള വിരോധത്തില്‍ യുവാവിനെ വെടിവച്ച് കൊലപ്പെടുത്തുകയും മറ്റൊരാളെ വെടിവച്ച് ഗുരുതര പരുക്കേൽപ്പിക്കുകയും ചെയ്ത കേസില്‍ വിവിധ വകുപ്പുകളിലായി പ്രതിക്ക് ഇരട്ട ജീവപര്യന്തവും 1,85000 രൂപ പിഴയും വിധിച്ചു. പുല്‍പ്പള്ളി, പാടിച്ചിറ, അമരക്കുനി, പുളിക്കല്‍ വീട്ടില്‍, പി.എസ്. ഷാര്‍ലി (48) യെയാണ് അഡി. ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി ജഡ്ജ് എ.വി. മൃദുല ശിക്ഷിച്ചത്. കൊലപാതകത്തിനു ജീവപര്യന്തവും ഒരു ലക്ഷം രൂപയും, വധശ്രമത്തിനു ജീവപര്യന്തവും 75,000 രൂപയും ആംസ് ആക്ട് പ്രകാരം ഒരു വർഷവും 10000 രൂപയും എന്നിങ്ങനെയാണ് ശിക്ഷവിധിച്ചത്.
2019 മേയ് 24ന് രാത്രിയാണ് സംഭവം. കന്നാരംപുഴ എന്ന സ്ഥലത്ത് വീടിനു മുൻപിലെ റോഡില്‍ വച്ച് നിഥിന്‍ പത്മനാണ്(32) ഷാര്‍ലിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇവര്‍ തമ്മില്‍ അതിര്‍ത്തി തര്‍ക്കം പതിവായിരുന്നു. ഇതിലുള്ള വിരോധത്തിലാണ് ലൈസന്‍സ് ഇല്ലാത്ത ഒറ്റ കുഴല്‍ നാടല്‍ തോക്ക് കൊണ്ട് നിഥിനെ ഷാര്‍ലി കൊലപ്പെടുത്തിയത്. നിഥിന്റെ ബന്ധു കിഷോറിനെയും ഇയാള്‍ വെടിവച്ച് ഗുരുതര പരുക്കേല്‍പ്പിച്ചിരുന്നു.