താമരശ്ശേരി: താമരശ്ശേരിയിൽ വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി മരിച്ച പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിൻ്റെ ഖബറടക്ക ചടങ്ങുകൾ പുരോഗമിക്കുന്നു. മെഡിക്കൽ കോളേജിൽ നിന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം 3 മണിയോടെ ചുങ്കത്തെ പാലോറക്കുന്നിലെ തറവാട് വീട്ടിൽ എത്തിച്ചു. അവിടെ നിന്നും മൃതദേഹം മയ്യത്ത് നമസ്കാരത്തിനായി ചുങ്കം ജുമാ മസ്ജിദിലേക്ക് കൊണ്ടുപോയി. കിടവൂർ മദ്രസയിൽ പൊതുദർശനത്തിന് ശേഷമാണ് ഖബറടക്കം നടക്കുന്നത്. നൂറുകണക്കിന് പേരാണ് ഷഹബാസിന് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. സുഹൃത്തുക്കളും ബന്ധുക്കളുമുൾപ്പെടെ ഷബാസിനെ അവസാന നോക്കുകാണാൻ നിരവധി പേരാണ് എത്തിയത്. ഷഹബാസിന്റെ മൃതദേഹം എത്തിയതോടെ സുഹൃത്തുക്കൾ പൊട്ടിക്കരഞ്ഞു. മൃതദേഹത്തിനരികെ വാവിട്ട് കരഞ്ഞ സുഹൃത്തുക്കളെ ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു.
കേസില്‍ കുറ്റാരോപിതരായ അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തിയതായി പൊലിസ്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി അഞ്ചുപേരെയും വെള്ളിമാടുകുന്നിലെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി. ഇവരെ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ അനുവദിക്കും. രക്ഷിതാക്കളുടെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനം
വലതുചെവിയുടെ മുകളില്‍ തലയോട്ടി പൊട്ടിയതായും കട്ടിയുള്ള ആയുധം ഉപയോഗിച്ചായിരുന്നു മര്‍ദനമെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു
ഷഹബാസിന്റെ മരണത്തിന് ഇടയാക്കിയ സംഘര്‍ഷത്തില്‍ പങ്കെടുത്തത് നാല് സ്‌കൂളിലെ വിദ്യാര്‍ഥികളെന്ന് പൊലീസ് പറഞ്ഞു. സംഘര്‍ഷം ആസൂത്രണം ചെയ്തത് 'സംഘം 57' എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴിയാണെന്നും താമരശേരി എച്ച്എസ്എസ്, എംജെ എച്ചഎസ്എസ്, ചക്കാലക്കല്‍ എച്ചഎസ്എസ്, പൂനൂര്‍ ജിഎച്ചഎഎസ്എസ് എന്നീ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ സംഘര്‍ഷത്തിന്റെ ഭാഗമായി. പ്രധാനമായും പതിനാല് കുട്ടികളാണ് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു.
കൂട്ടിയെ കൊലപ്പെടുത്തുന്നത് സംബന്ധിച്ചുളള കാര്യങ്ങള്‍ വിദ്യാര്‍ഥികള്‍ ആസൂത്രണം ചെയ്തത് 'സംഘം 57' എന്ന ഗ്രൂപ്പ് വഴിയാണ്. നഞ്ചക്ക് അടക്കമുള്ള ആയുധങ്ങളും കുട്ടികളുടെ കൈവശം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ആക്രമണത്തില്‍ മുതിര്‍ന്നവരും ഉണ്ടെന്ന് കൊല്ലപ്പെട്ട ഷഹബാസിന്റെ സുഹൃത്തുക്കള്‍ ആരോപിച്ചു. മുഹമ്മദ് ഷഹബാസിനെ മര്‍ദിച്ചവരെ അറിയാമെന്നും താമരശ്ശേരി സ്‌കൂളിലെ കുട്ടികളാണെന്നും അവര്‍ പറയുന്നു. രണ്ടു ദിവസം മുമ്പ് ഷഹബാസിന്റെ ചങ്ങാതിയെ മര്‍ദിച്ചിരുന്നതായും സുഹൃത്തുക്കള്‍ വെളിപ്പെടുത്തി.