റിയാദ്: സമസ്ത ഇസ്ലാമിക് സെൻറർ (എസ്.ഐ.സി) മക്ക സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറും ‘വിഖായ’ ചെയർമാനും കെ.എം.സി.സി ജർവൽ ഏരിയ വൈസ് പ്രസിഡൻറുമായിരുന്ന മലപ്പുറം അരീക്കോട് സ്വദേശി ഷംസുദ്ദീൻ എന്ന മാനു തങ്ങൾ (36) നാട്ടിൽ നിര്യാതനായി. ദില്ലിയിലേക്കുള്ള യാത്രയിൽ പനി ബാധിച്ച് ചികിത്സയിലിരിക്കെ രോഗം മൂർച്ഛിച്ചതോടെ കോഴിക്കോട് ഇഖ്റഅ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം.
മക്കയിൽ ബിസിനസ് നടത്തുകയായിരുന്നു. എസ്.ഐ.സിയുടെയും സന്നദ്ധ സംഘമായ വിഖായയുടെയും കെ.എം.സി.സിയുടെയും സജീവപ്രവർത്തകനായിരുന്നു. ഹജ്ജ് വേളയിൽ വിഖായ സന്നദ്ധ സേവന സംഘത്തെ മുന്നിൽനിന്ന് നയിച്ചിരുന്നത് മാനു തങ്ങളായിരുന്നു. ഹജ്ജിനെത്തുന്ന നിരവധി പേർക്ക് വിഖായ സേവനങ്ങൾ ഇടതടവില്ലാതെ ലഭ്യമാക്കുന്നതിൽ ഇദ്ദേഹത്തിെൻറ പങ്ക് ഏറെ വലുതായിരുന്നു.
ഭാര്യ: മുഫ്ലിഹ, മക്കൾ: നഫീസ നദ, ഹാശിം. മൃതദേഹം അരീക്കോട് മുണ്ടമ്പ്ര വലിയ ജുമുഅത്ത് പള്ളി മഖ്ബറയിൽ ഖബറടക്കി. മാനു തങ്ങളുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി എസ്.ഐ.സി സൗദി പ്രസിഡൻറ് ഉബൈദുല്ല തങ്ങൾ ഐദറൂസി, ചെയർമാൻ സെയ്ത് ഹാജി മുന്നിയൂർ, ജനറൽ സെക്രട്ടറി മുഹമ്മദ് റാഫി ഹുദവി, ട്രഷറർ ഇബ്രാഹീം എന്നിവർ അറിയിച്ചു.