തിരുവനന്തപുരം :വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിൽ പ്രതി അഫാന്റെ പിതാവ് റഹീമിൻ്റെ മൊഴി എടുത്തു. കൊലയ്ക്ക് കാരണമായെന്ന് പറയുന്ന സാമ്പത്തിക പ്രതിസന്ധിയുടെ വിശദാംശങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള അഫാനെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ ആരംഭിച്ചു.മൂന്നു മണിയോടെയാണ് മൊഴി രേഖപ്പെടുത്താൻ റഹീം വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ എത്തിയത്. അന്വേഷണസംഘം മൂന്ന് മണിക്കൂർ നേരമാണ് റഹീമിൽ നിന്ന് മൊഴി ശേഖരിച്ചത്. റഹീമിൽ നിന്ന് ഇന്നലെ പോലീസ് പ്രാഥമികമായ വിവരങ്ങൾ ശേഖരിച്ചിരുന്നു.
അഫാൻ പറയുന്നത്ര സാമ്പത്തിക പ്രതിസന്ധി കുടുംബത്തിന് ഉള്ളതായി അറിയില്ലെന്നാണ് റഹീം പറഞ്ഞത്. കുറച്ചുകാലമായി നാട്ടിൽ നിന്ന് വിവരങ്ങൾ അറിഞ്ഞിരുന്നില്ല. വിദേശത്തെ സാമ്പത്തിക പ്രതിസന്ധി അഫാനെയോ കുടുംബത്തെയോ അറിയിച്ചിരുന്നില്ല.പാങ്ങോട് സി ഐ യോടാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. എന്നാൽ വിശദമായി മൊഴി രേഖപ്പെടുത്താൻ ഹാജരാകാൻ വെഞ്ഞാറമൂട് പോലീസ് ആവശ്യപ്പെടുകയായിരുന്നു. അതേസമ യം റിമാൻഡിൽ കഴിയുന്ന അഫാനെ കസ്റ്റഡിയിൽ എടുക്കാൻ ഉള്ള നീക്കം പോലീസ് ആരംഭിച്ചു.
നാളെ കോടതിയിൽ അപേക്ഷ സമർപ്പിച്ചേക്കും. കസ്റ്റഡിയിൽ ലഭിച്ചാൽ തെളിവെടുപ്പ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് കടക്കും. ചോദ്യം ചെയ്യലിന് ശേഷം റഹീം ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമിയെ സന്ദർശിച്ചു.
ഷെമിയുമായി സാസംരിച്ചെന്നും ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടെന്നും റഹീം മാധ്യമങ്ങളോട് പറഞ്ഞു. മറികടക്കാവുന്ന സാമ്പത്തികപ്രശ്നങ്ങളേ കുടുംബത്തിന് ഉണ്ടായിരുന്നുള്ളൂ. എന്താണ് സംഭവിച്ചതെന്ന് അറിയില്ല.തനിക്ക് വിദേശത്തേക്ക് പണം അയച്ച് നൽകിയിട്ടില്ല. മകനുമായി സംസാരിക്കാറുണ്ടായിരുന്നു. സംഭവത്തിന് ഒരാഴ്ച മുൻപും മകനുമായി സംസാരിച്ചിരുന്നുവെന്ന് റഹീം പറഞ്ഞു.