കോട്ടയം: മറവന്തുരുത്ത് ആറ്റുവേലകടവിൽ മദ്യലഹരിയിൽ യുവാവ് കാറ് പുഴയിലെ ഓടിച്ചിറക്കി. വടയാർ മുട്ടുങ്കൽ സ്വദേശിയായ യുവാവാണ് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത്.കാർ വെള്ളത്തിലേക്ക് ഇറങ്ങിപോകുന്നത് കണ്ട കടത്തു വള്ളക്കാരൻ ആണ് ഡോർ തുറന്ന് യുവാവിനെ രക്ഷപ്പെടുത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. അമിത വേഗതയിൽ കാർ പുഴയിലേക്ക് ഓടിച്ചിറക്കുന്നത് കണ്ട കടത്തുകാർ തോണിയുമായി ഉടൻ എത്തുകയായിരുന്നു.
തോണി കാറിനോട് ചേർത്തുനിർത്തി ഡോർ തുറന്ന് യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. യുവാവിനെ തോണിയിലേക്ക് മാറ്റിയതിന് പിന്നാലെ കാർ പൂർണമായും വെള്ളത്തിൽ മുങ്ങി.കടത്തുകാർ എത്താൻ വൈകിയിരുന്നെങ്കിൽ കാർ വെള്ളത്തിൽ മുങ്ങി യുവാവ് അപകടത്തിൽപെടുമായിരുന്നു.എന്നാൽ, രക്ഷപ്പെടുത്തിയതിന് പിന്നാലെ കടത്തുകാരുമായി യുവാവ് തർക്കത്തിലേർപ്പെട്ടു. കടത്തുകാരൻ കാറിന്റെ ഡോർ തുറന്നതിനാലാണ് മുങ്ങി പോയതെന്ന വിചിത്ര മറുപടിയാണ് യുവാവ് നൽകിയത്.
കടത്തുകാരുമായി യുവാവ് തർക്കിക്കുകയും ചെയ്തു.ഡോർ തുറന്നില്ലെങ്കിൽ മുങ്ങി ചാവുമായിരുന്നുവെന്നും ആളുകളെ മെനക്കെടുത്തിയതും പോരന്ന് പറഞ്ഞ് കടത്തുകാരൻ തിരിച്ചും മറുപടി നൽകി.