കോഴിക്കോട്: വേതന വർധന അടക്കമുള്ള ആവശ്യങ്ങൾ ഉയർത്തി സെക്രട്ടേറിയറ്റിന് മുമ്പിൽ സമരം ചെയ്യുന്ന ആശ വർക്കർമാർക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എം.പി. സമൂഹത്തിന്‍റെ നട്ടെല്ലായ ആശ വർക്കർമാർക്ക് അവകാശങ്ങൾക്ക് വേണ്ടി യാചിക്കേണ്ടി വരുന്നത് അപമാനകരമാണെന്ന് പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു. യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ ആശ വർക്കർമാരുടെ വേതനം വർധിപ്പിക്കുമെന്നും പ്രിയങ്ക വ്യക്തമാക്കി.
കർണാടകയും തെലങ്കാനയും നോക്കുമ്പോൾ കേരളത്തിലെ ആശ വർക്കർമാർക്ക് ലഭിക്കുന്നത് വളരെ തുച്ഛമായ ഓണറേറിയമാണ്. സമരം ചെയ്യുന്നവർക്ക് നീതിക്ക് പകരം കേരള സർക്കാറിൽ നിന്ന് ലഭിച്ചത് നിസംഗതയും നിശബ്ദമാക്കാനുള്ള ശ്രമവുമാണെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.
നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തിന്‍റെ ഏറ്റവും വലിയ ശക്തികളിൽ ഒന്നാണ് ആശ വർക്കർമാർ. പ്രതിസന്ധി ഘട്ടങ്ങളിലടക്കം സമൂഹത്തെ നിസ്വാർഥമായി സേവിക്കുന്നു. ഡോ. മൻമോഹൻ സിങ് പ്രധാനമന്ത്രിയായ കാലത്താണ് ആശ വർക്കർമാർ ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ ശൃംഖലയുടെ അവിഭാജ്യ ഘടകമായി മാറിയത്. കോവിഡിനെതിരായ പോരാട്ടത്തിന്‍റെ മുൻനിരയിൽ നിന്ന ആശ വർക്കർമാർ, തങ്ങളുടെ ജീവൻ പണയപ്പെടുത്തിയാണ് ഇന്ത്യയിലുടനീളമുള്ള കുടുംബങ്ങൾക്കും ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ടവരിലും മാതൃപരിചരണവും ആരോഗ്യ സേവനങ്ങളും ഉറപ്പാക്കിയത്.
കർണാടകയും തെലങ്കാനയും നോക്കുമ്പോൾ കേരളത്തിലെ ആശ വർക്കർമാർക്ക് ലഭിക്കുന്നത് വളരെ തുച്ഛമായ 7,000 രൂപയുടെ ഓണറേറിയമാണ്. വേതന വർധനക്കായാണ് ആശ വർക്കർമാർ സമരം ചെയ്യുന്നത്. ആശ വർക്കർമാരുടെ പോരാട്ടം അന്തസിനും ബഹുമാനത്തിനും വേണ്ടിയുള്ള പോരാട്ടമാണ്. സമൂഹത്തിന്‍റെ നട്ടെല്ലുള്ള സ്ത്രീകൾക്ക് തങ്ങളുടെ അവകാശങ്ങൾക്കായി ഇങ്ങനെ യാചിക്കേണ്ടി വരുന്നത് ഭയാനകമാണ്. നീതിക്ക് പകരം കേരള സർക്കാറിൽ നിന്ന് അവർക്ക് ലഭിച്ചത് നിസ്സംഗതയും നിശബ്ദരാക്കാനുള്ള ശ്രമവുമാണ്.
കേരളത്തിലെ ആശ വർക്കർമാർക്ക് കോൺഗ്രസ് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. സഹോദരിമാരെ, നിങ്ങളുടെ പോരാട്ടം വെറുതെയാകില്ല. അടുത്ത വർഷം യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ വേതനം വർധിപ്പിക്കുമെന്നും അർഹിക്കുന്ന ആദരവും അംഗീകാരവും നൽകുമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.