കൊച്ചി :പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ദേഹത്ത് നായ്ക്കുരണ പൊടി വിതറിയ സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കാക്കനാട് ഇൻഫോപാർക്ക് പോലീസാണ് കേസെടുത്തത്.ശനിയാഴ്ച വൈകുന്നേരമാണ് കേസ് രജിസ്റ്റർ ചെയ്തത്. കുട്ടിയുടെ അമ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. കുട്ടിയുടെ മൊഴി പോലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.തെങ്ങോട് ഗവ. ഹൈസ്കുൾ വിദ്യാർത്ഥിനിക്ക് നേരെയാണ് സഹപാഠികൾ നായ്കുരണ പൊടി എറിഞ്ഞത്.
അഞ്ച് വിദ്യാർത്ഥികൾക്ക് എതിരെയും രണ്ട് അധ്യാപകർക്ക് എതിരെയുമാണ് വിദ്യാർത്ഥിനി പരാതി പറഞ്ഞത്. നായ്കുരണ പൊടി എറിയുന്നതിന് മുൻപ് ഇതേ വിദ്യാർത്ഥികൾ തന്നെ ഡെസ്ക്ക് ഉപയോഗിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന് വിദ്യാർത്ഥിനി പോലീസിനോട് പരാതി ഉന്നയിച്ചുസംഭവമുണ്ടായ ശേഷം പിന്തുണ നൽകാതെ ക്ലാസിലിരിക്കാൻ നിർബന്ധിച്ചുവെന്നതാണ് അധ്യാപകർക്ക് നേരെ ഉന്നയിച്ച പരാതി. ബോധപൂർവ്വവമുള്ള ഉപദ്രവിക്കൽ എന്ന കുറ്റമാണ് ഇവർക്കെല്ലാവർക്കും എതിരെ ചുമത്തിയിരിക്കുന്നത്.
മാർച്ച് 3ന് കേസ് രജസിറ്റർ ചെയ്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി പരീക്ഷ ആരംഭിക്കുന്നതിനാൽ ഈ കുട്ടികളുടെ മൊഴിയെടുക്കുന്നതും മറ്റ് നടപടി ക്രമങ്ങൾ മുന്നോട്ട് കൊണ്ടുപോവുന്നതിലും ആശങ്കയുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് സംഭവം നടന്നത്. ദിവസങ്ങളോളം കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഈ പെൺകുട്ടി. മോഡൽ എക്സാം പോലും കുട്ടിക്ക് എഴുതാനായില്ല. ഇതു ചെയ്ത വിദ്യാർഥിനികളുടെ പേരിൽ സ്കൂൾ അധികൃതരോ, പോലീസോ ക്യത്യമായ നടപടി സ്വീകരിക്കാത്തത് പെൺകുട്ടിക്കും കുടുംബത്തിനും പ്രയാസം ഇരട്ടിയാക്കി.
മൂത്രാശയ സംബന്ധമായ രോഗങ്ങളെ തുടർന്ന് ഏറെ ബുദ്ധിമുട്ടിലായ പെൺകുട്ടിയെ, ഹാജരില്ലെങ്കിൽ പരീക്ഷയെഴുതാനാവില്ലെന്നു പറഞ്ഞ് നിർബന്ധിച്ച് ക്ലാസിലിരുത്താനുള്ള ശ്രമം നടന്നതായി കുട്ടിയുടെ അമ്മ ആരോപിച്ചു.
ഫെബ്രുവരി മൂന്നിന് നടന്ന സംഭവത്തിൽ 17-ന് പരാതിയുമായി പോലീസിനെ സമീപിച്ചെങ്കിലും പ്രായപൂർത്തിയാവാത്ത കുട്ടികൾക്കെതിരേ കാര്യമായ നടപടിയെടുക്കാൻ സാധിക്കില്ലെന്നാണ് അവർ പറയുന്നതെന്നും കുട്ടിയുടെ അമ്മ പരാതിപ്പെട്ടു.