ഫറോക്ക്: ചെറുവണ്ണൂരിന് സമീപം റെയിൽ പാതയ്ക്കരികിൽ കണ്ടെത്തിയ യുവാവിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞു .കോട്ടയം വൈക്കം സ്വദേശി പരുത്തുമുടി അറക്കത്തറ ലക്ഷ്‌മി നിവാസിൽ ശരത്ത് ബാബു(30) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ബന്ധുക്കൾ എത്തി തിരിച്ചറിയുകയായിരുന്നു.
വ്യാഴാഴ്ച വൈകീട്ടാണ് ഫറോക്ക് റെയിൽപ്പാലം എത്തുന്നതിന് മുൻപുള്ള പുൽക്കാടിനുള്ളിൽ നിന്നാണ് തിരിച്ചറിയാൻ സാധിക്കാത്ത തരത്തിൽ മൃതദേഹം കണ്ടെത്തിയത്. ഇതിന് സമീപത്ത് നിന്നായി ലഭിച്ച പഴ്സിലെ വിലാസത്തിൽ ബന്ധപ്പെട്ടാണ് ബന്ധുക്കളെ വിവരം അറിയിച്ചത്.കഴിഞ്ഞ 10-ാം തിയതി ജോലി ആവശ്യത്തിന് എന്ന് പറഞ്ഞാണ് ശരത്ത് വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു. പിന്നീട് ഒരു വിവരവും ഇല്ലാത്തതിനാൽ ഇവർ നാട്ടിൽ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു.
അന്വേഷണം നടക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടിലേക്ക് തിരിച്ചു പോകുന്നതിനിടെ ട്രെയിനിൽ നിന്ന് വീണുപോയതാകാം എന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. അച്ഛൻ: ബാബു. അമ്മ: വത്സല. ഭാര്യ: സോന, മകൾ: വാത്സല്യ. സഹോദരൻ: രഞ്ജിത്ത് ബാബു.