വെള്ളിമാടുകുന്ന് :ഷഹബാസ് കൊലപാതകത്തിൽ കുറ്റോരോപിതരെ പരീക്ഷ എഴുതാൻ അനുവദിച്ചതിനെതിരെ പ്രതിഷേധം ശക്തം. കെഎസ്യുവും എംഎസ്എഫുമാണ് സമരരംഗത്തുള്ളത്.വെള്ളിമാട്കുന്ന് ജുവനൈൽ ഹോമിലേക്ക് യൂത്ത് കോൺഗ്രസും മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസെത്തി ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ കെഎസ്‌യു പ്രവർത്തകർ പ്രതിഷേധ സമരത്തിനിടെ ജുവനൈൽ ജസ്റ്റിസ് ഹോമിലെ മതിൽചാടി കടന്നു.
മതിൽ ചാടിയവരിൽ നേരത്തെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെഎസ് യു പ്രവർത്തക മിവാ ജോളിയും ഉണ്ടായിരുന്നു. മതിൽ ചാടിയ പ്രതിഷേധക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.ജുവനൈൽ ജസ്റ്റിസ് ഹോം പരിസരത്ത് എത്തിയ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, സംസ്ഥാന ട്രഷറർ അശഹ്ർ പെരുമുക്ക്, സാബിത്ത് മയനാട് തുടങ്ങിയ പ്രമുഖ നേതാക്കൾ ഉൾപ്പെടെയുള്ളവരെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പൊലീസ് കരുതൽ തടങ്കലിലാക്കി.
അതേ സമയം കുറ്റോരോപിതരായ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്ന കെയർഹോമിന് മുൻപിൽ ഇന്ന് രാവിലെ മുതൽ പ്രതിഷേധം സംഘടിപ്പിക്കുകയാണ് കെഎസ്വും എംഎസ്എഫും.രാവിലെ ആറര മണിയോടു കൂടി കെയർഹോമിന് മുൻപിൽ പ്രതിഷേധിച്ച ആറ് കെഎസ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. എന്നാൽ വീണ്ടും പ്രതിഷേധവുമായി കെഎസ്യുവും യൂത്ത്കോൺഗ്രസും എത്തുകയായിരുന്നു.
എംഎസ്എഫ് പ്രവർത്തകരും രാവിലെ മുതൽ ശക്തമായ പ്രതിഷേധവുമായി രംഗത്ത്. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും വീണ്ടും എംഎസ്എഫും പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു.
ഷഹബാസ് മണ്ണിനടിയിൽ പരീക്ഷ എഴുതാൻ കഴിയാതെ ഉറങ്ങുമ്പോൾ ഷഹബാസിന്റെ കൊലയാളികളും പരീക്ഷ എഴുതേണ്ട എന്നാണ് പ്രതിഷേധക്കാർ പറയുന്നത്.