മുക്കം: മുക്കത്ത് പ്രവർത്തിക്കുന്ന ഇരുചക്ര ഏജൻസിയായ ടി വി എസ് ഉടമയും, ജീവനക്കാരും സംഘം ചേർന്ന് അക്രമിച്ചതായി പരാതി.
മുക്കം കാരമൂല സ്വദേശി കുറാമ്പ്ര അൽത്താഫ് എന്ന യുവാവാണ് മുക്കത്ത് മാധ്യമങ്ങളുടെ മുമ്പിലെത്തിയത്.
പ്രസ്തുത സ്ഥാപനത്തിൽ സർവ്വീസ് നടത്തുന്നതിനായി നൽകിയ ഇരുചക്രവാഹനത്തിൻ്റെ ജി.എസ്.ടി ബിൽ ഈ സൈൻ ചെയ്ത് നൽകണമെന്നാവശ്യപ്പെട്ട് മാർച്ച് 1ന് ശനിയാഴ്ച ഷോറൂമിലെത്തിയപ്പോൾ യാതൊരു പ്രകോപനവുമില്ലാതെ മർദ്ദിച്ചുവെന്നാണ് പരാതി.
മുമ്പ് ഒരു അപകടത്തിൽ സാരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന തന്നെ മുഖത്ത് ഇടിക്കുകയും, സംഘം ചേർന്ന് നിലത്തിട്ട് ചവിട്ടി പരിക്കേൽപിക്കുകയുമായിരുന്നുവെന്ന് അൽത്താഫ് പറഞ്ഞു.
തന്നെയുമല്ല താനുൾപ്പെടെയുള്ളവർ ലഹരിക്കടിമകളാണെന്നും സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നും അൽത്താഫ് പരാതിപ്പെട്ടു.
ഇതേ സ്ഥാപനത്തിൽ നിന്ന് സമാനമായും അല്ലാതെയും മോശം അനുഭവങ്ങളുണ്ടായ വർ ചേർന്ന് രൂപീകരിച്ച കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അൽത്താഫ് വാർത്താ സമ്മേളനം നടത്തിയത്.
അൽത്താഫിൻ്റെ പരാതിയിൽ മുക്കം പോലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ഥാപനത്തിനെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
മുക്കത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ അൽത്താഫ് കുറാമ്പ്ര, ഫസലുറഹ്മാൻ മാവൂർ, കെ.പി ബിജുൻ,ഷഫീഖ് തലാപ്പിൽ, ലിജേഷ് മണാശ്ശേരി എന്നിവർ സംബന്ധിച്ചു.