കോഴിക്കോട്: എം.ഡി.എം.എ ഉൾപ്പെടെ രാസലഹരിയിൽ രമിക്കുന്ന യുവാക്കളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതായി എക്സെെസ് ഉദ്യോഗസ്ഥർ. ലഹരിയടിമകളായ യുവാക്കളുടെ ഹരമായി മാറിയ എം.ഡി.എം.എ അതീവ അപകടകാരിയാണ്. ശരീരത്തിൽ പ്രവേശിച്ചാൽ അര മണിക്കൂറിനകം പ്രവർത്തിച്ചു തുടങ്ങും. ലഹരി മണിക്കൂറുകൾ നീണ്ടുനിൽക്കും. ഏതാനും വർഷം കഴിയുമ്പോൾ മരണമണി മുഴങ്ങും.
മാരക ലഹരിമരുന്നായ കൊക്കെയിന്റെ വകഭേദമാണിതെന്ന് എക്സെെസ് ഉദ്യോഗസ്ഥർ പറയുന്നു. രക്തത്തിൽ നേരിട്ട് കലരുകയാണെങ്കിൽ അതിവേഗം മരിക്കും. മസ്തിഷ്കത്തിലെ സെറാടോണിനെയാണ് എം.ഡി.എം.എ ബാധിക്കുന്നത്. ഇതുമൂലമാണ് പ്രധാനമായും മരണമുണ്ടാകുന്നതും. സോഡിയത്തിന്റെ അളവും വളരെയധികം കുറയും. തുടർച്ചയായി ഉപയോഗിക്കുന്നവരിൽ ഹൃദയാഘാത മരണവും ആത്മഹത്യയും കൂടുതലെന്നാണ് പഠനങ്ങൾ പറയുന്നത്. സ്ട്രോക്കിനും സാദ്ധ്യതയുണ്ട്. ബി.പിയും കൂടും. ലഹരിമരുന്ന് ഉപയോഗം നിറുത്തിയാലും പ്രശ്നം തീരില്ല. ഡിപ്രഷനും മാനസികാവസ്ഥ പരസ്പര വിരുദ്ധമാകുന്ന ബെെ പോളാർ ഡിസോർഡറുമുണ്ടാകുന്നു. ശരീരത്തിലെ താപനിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിൽ നിർജ്ജലീകരണവുമുണ്ടാകും. മണമില്ലാത്തതിനാൽ വീട്ടുകാർ പോലും വെെകിയാണ് അറിയുക.