കരിപ്പൂർ: സൗദി എയർലൈൻസിനുപിന്നാലെ ഗൾഫ് എയറും കരിപ്പൂരിലേക്കുള്ള സർവീസ് നിർത്തുന്നു. ഏപ്രിൽ ഒന്നിന് ബഹറൈൻ വിമാന കമ്പനി ഗൾഫ് എയർ കരിപ്പൂരിൽനിന്ന് പിൻവാങ്ങും. 31ന് പുലർച്ചെ അഞ്ചിന് ബഹറൈനിലേക്കാണ് അവസാന സർവീസ്. ഇത് മലബാറിൽനിന്നുള്ള ഗൾഫ് യാത്രക്കാർക്ക് വലിയ തിരിച്ചടിയാകും.
ഗൾഫ് എയർ ബഹറൈനിൽനിന്ന് കരിപ്പൂരിലേക്ക് നേരിട്ടും യുഎഇ, സൗദി, യൂറോപ്പ് അടക്കമുള്ള രാജ്യങ്ങളിലേക്ക് കണക്ഷനായുമാണ് സർവീസ് നടത്തിയിരുന്നത്. 159 സീറ്റുള്ള എയർബസ് എ 320 ഇനത്തിൽപ്പെട്ട എയർക്രാഫ്റ്റായിരുന്നു ഉപയോഗിച്ചത്. തിങ്കൾ, ബുധൻ, വെള്ളി, ശനി, ഞായർ ദിവസങ്ങളിലായിരുന്നു സർവീസ്. മറ്റ് വിമാനക്കമ്പനികളെ അപേക്ഷിച്ച് നിരക്കും കുറവായിരുന്നു.
എയർ ഇന്ത്യ എക്‌സ്‌പ്രസ് ബഹറൈനിൽനിന്നുള്ള സമ്മർ സീസൺ ഫ്ലൈറ്റുകൾ വെട്ടിച്ചുരുക്കിയതിനുപിന്നാലെയാണ് ഗൾഫ് എയറിന്റെ പിന്മാറ്റം. കരിപ്പൂർ–ബഹറൈൻ സെക്ടറിൽ യാത്രാനിരക്ക് വർധിക്കാനും ഇടയാക്കും.
ഗൾഫ് സെക്ടറിൽനിന്ന് കരിപ്പൂരിലേക്ക് സർവീസ് ആരംഭിക്കാനുള്ള നീക്കത്തിൽനിന്ന് സൗദി എയർലൈൻസ് മൂന്ന് മാസംമുമ്പ് പിൻവാങ്ങിയിരുന്നു. മുംബൈ ലോബിയുടെ സമ്മർദവും കരിപ്പൂരിനോടുള്ള കേന്ദ്ര അവഗണനയുമാണ് വിദേശ വിമാനക്കമ്പനികളുടെ പിന്മാറ്റത്തിനുപിന്നിൽ.
2015ൽ വിമാനത്താവള നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കരിപ്പൂരിലേക്കുള്ള വലിയ വിമാനങ്ങളുടെ സർവീസ് നിർത്തിയിരുന്നു. എന്നാൽ ഗൾഫ് എയർ ചെറിയ എയർക്രാഫ്റ്റ് ഉപയോഗിച്ച് മുടക്കമില്ലാതെ സർവീസ് നടത്തി. വലിയ എയർക്രാഫ്റ്റ് ഉപയോഗിച്ച് കൂടുതൽ സർവീസിന് ശ്രമിക്കുന്നതിനിടെയാണ് ബഹറൈൻ എയറിന്റെ പിന്മാറ്റം. ഇത്തവണ ഇൻഡിഗോ എയർലൈൻസും സർവീസ് നടത്തുന്നില്ല.