സുൽത്താൻ ബത്തേരി: കേരളത്തിലേക്ക് രാസസലഹരി എത്തിക്കുന്ന പ്രധാന കണ്ണികളിൽ ഒരാളായ ടാൻസാനിയ പൗരൻ പ്രിൻസ് സാംസൺ ഇന്ത്യയിലേക്ക് എത്തിയത് വിദ്യാർത്ഥിയായി. ബാംഗളൂരുവിലെ സർക്കാർ കോളേജിൽ ബിസിഎ പഠനത്തിനായി ചേർന്ന പ്രിൻസ് സാംസൺ ക്ലാസിൽ എത്തുന്നത് വല്ലപ്പോഴും മാത്രമാണ്. സെമസ്റ്റർ പരീക്ഷകളിൽ ഭൂരിഭാഗത്തിലും തോറ്റ 25-കാരൻ ലഹരി വിൽപ്പനയ്ക്കൊപ്പം ബംഗളുരുവിലും മറ്റുമായി ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു.
കേരളത്തിലേക്ക് രാസ ലഹരിയായ എംഡിഎംഎ എത്തിക്കാൻ മലയാളികളടക്കമുള്ളവരുടെ ഒരു സംഘം തന്നെ യുവാവിന് കീഴിലുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. കഴിഞ്ഞ മാസം 24 ന് മുത്തങ്ങ തകരപ്പാടിയിലെ പൊലീസ് ഔട്ട് പോസ്റ്റിന് സമീപം വെച്ച് പിടിയിലായ മലപ്പുറം സ്വദേശി ഷഫീഖ് എന്ന യുവാവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രിൻസ് സംസണിലേക്ക് അന്വേഷണ സംഘം എത്തിയത്. നാല് വർഷമായി ബംഗളുരുവിൽ താമസമാക്കിയ ഇയാൾ വലിയ അളവിൽ എംഡിഎംഎ അടക്കമുള്ള രാസലഹരികൾ കേരളത്തിലേക്ക് എത്തിക്കുകയായിരുന്നു. ഇക്കാര്യം വ്യക്തമായതോടെ പൊലീസ് പ്രതിക്കായി വല വിരിക്കുകയായിരുന്നു.
ജില്ലാ ലഹരി വിരുദ്ധ സ്‌ക്വഡ് (ഡാൻസാഫ്) നടത്തിയ രഹസ്യ നീക്കത്തിനൊടുവിൽ പ്രിൻസ് സാംസണിന്‍റെ താമസസ്ഥലം കണ്ടെത്തുകയും വിവരം ബത്തേരി ഡിവൈഎസ്പി കെ കെ അബ്ദു ഷെരീഫ്, സി ഐ എൻ കെ രാഘവൻ, എസ് ഐ അതുൽ എന്നിവരടങ്ങുന്ന അന്വേഷണ സംഘത്തിന് കൈമാറുകയും ആയിരുന്നു. തുടർന്ന് ഇന്നലെ രാത്രിയോടെ പ്രതിയെ കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടുവന്നു. പ്രിൻസ് സാംസണിനെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും രണ്ടുമാസം കൊണ്ട് തന്നെ 80 ലക്ഷം രൂപയുടെ അനധികൃത ഇടപാട് ഇയാൾ നടത്തിയതായി കണ്ടെത്തി.
എന്നാൽ പ്രതിയുടെ പേരിൽ ഒരു അക്കൗണ്ട് പോലും ഉണ്ടായിരുന്നില്ല. മറ്റുള്ളവരുടെ പേരിൽ എടുത്ത അക്കൗണ്ടുകൾ വഴിയായിരുന്നു ലഹരി വിൽപ്പന വഴി ലഭിക്കുന്ന പണം പ്രിൻസ് സാംസൺ സ്വീകരിച്ചിരുന്നത്. ഇയാളിൽ നിന്ന് ലഭിച്ച 100 ഗ്രാം വെളുത്ത നിറത്തിലുള്ള പൊടി പൊലീസ് രാസ പരിശോധനക്ക് അയച്ചിരിക്കുകയാണ്. പരിശോധനയിൽ അഞ്ച് മൊബൈൽ ഫോണുകളും നിരവധി ലാപ്ടോപ്പുകളും ഡെബിറ്റ് കാർഡുകളും ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രിൻസ് സാംസണിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മറ്റു വിദേശ പൗരന്മാരുടെ വിവരങ്ങളിലും പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്