പെരുമ്പാവൂരിൽ മൊബൈൽ ഷോപ്പ് കേന്ദ്രീകരിച്ചു വ്യാജ തിരിച്ചറിയൽ രേഖകൾ നിർമ്മിച്ചു നൽകുന്ന അതിഥി തൊഴിലാളി പിടിയിൽ. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരി ഉപയോഗവും ലഹരി വിൽപനയും വ്യാപകമായി നടക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ നടത്തിയ പരിശോധനക്കിടെയാണ് ഇയാള്‍ പിടിയിലായത്. പെരുമ്പാവൂർ ബസ് സ്റ്റാൻഡിനു സമീപത്തുള്ള അസ്‌ലം മൊബൈൽ എന്ന സ്ഥാപനത്തിലാണ് വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ചത്.
അസം സ്വദേശി ഹാരിജുൾ ഇസ്ലാം ആണ് പിടിയിലായത്. മൊബൈൽ ഷോപ്പില്‍ നിന്ന് വ്യാജ ആധാറുകൾ നിർമിക്കാന്‍ ഉപയോഗിച്ച ലാപ്ടോപും 55,000 രൂപയും പിടിച്ചെടുത്തു. കടയില്‍ സിം കാർഡ് എടുക്കാൻ വരുന്നവരുടെ ആധാർ കാർഡുകൾ സ്കാൻ ചെയ്ത് മറ്റുള്ളവരുടെ ഫോട്ടോ പതിപ്പിച്ചാണ് വ്യാജ തിരിച്ചറിയൽ രേഖകൾ നിർമിച്ചിരുന്നത്. അറസ്റ്റിലായ ഹാജിറുള്ളിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ എറണാകുളത്ത് മാത്രം നാല്പതോളം ബംഗ്ലാദേശികളാണ് വ്യാജ തിരിച്ചറിയൽ രേഖകളുമായി പിടിയിലായത്. ഇതിനിടെയാണ് വ്യാജ ആധാർ കാർഡ് നിർമിച്ചു നൽകുന്നയാൾ പെരുമ്പാവൂരിൽ പിടിയിലാകുന്നത്. ക്ലീൻ പെരുമ്പാവൂരിന്‍റെ ഭാഗമായി 32 ഓളം ലഹരി കേസുകളും ഇന്നലെ പെരുമ്പാവൂരിൽ പിടികൂടി