കേരള പ്രവാസി കേരളീയ ക്ഷേമനിധിയിൽ നിന്നും പെൻഷൻ, കുടുംബ പെൻഷൻ, അവശതാ പെൻഷൻ എന്നിവ കൈപ്പറ്റുന്നവർ 2025 വർഷത്തെ ലൈഫ് സർട്ടിഫിക്കറ്റ് മാർച്ച് 31 നകം സമർപ്പിക്കേണ്ടതാണ്. നാട്ടിലുള്ള പെൻഷൻകാർ ബോർഡ് നിഷ്‌കർഷിച്ചിട്ടുള്ള മാതൃകയിൽ ഉള്ള ലൈഫ് സർട്ടിഫിക്കറ്റ്, ഗസറ്റഡ് ഓഫീസർ മുഖാന്തിരം സാക്ഷ്യപ്പെടുത്തി, തപാലിൽ തിരുവനന്തപുരം ഹെഡ് ഓഫീസിലേക്ക് അയച്ചു നൽകേണ്ടതാണ്. തിരുവനന്തപുരം തൈക്കാട് സ്ഥിതി ചെയ്യുന്ന ഹെഡ് ഓഫീസ്, എറണാകുളം, കോഴിക്കോട് ജില്ലകളിലുള്ള റീജിയണൽ ഓഫീസ്, മലപ്പുറം ജില്ലയിലുള്ള ലേയ്‌സൺ ഓഫീസ് എന്നിവിടങ്ങളിൽ പെൻഷൻ വാങ്ങുന്നവർക്ക് നേരിട്ട് എത്തി ഒപ്പിടുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ വിദേശത്തുള്ളവർക്ക് ഇന്ത്യൻ എംബസി മുഖാന്തരം സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് നൽകാവുന്നതാണ്. അതിന് സാധിക്കാത്തവർക്ക് വിദേശത്തുള്ള പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർമാർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ്, ഡയറക്ടറുടെ ഇമെയിൽ മുഖാന്തരവും ബോർഡിലേക്ക് അയക്കാവുന്നതാണ്. ആധാർ നമ്പർ അപ്ഡേറ്റ് ചെയ്തിട്ടില്ലാത്ത പെൻഷൻ കൈപ്പറ്റുന്നവർ ആധാർ കാർഡിന്റെ പകർപ്പിൽ മെമ്പർഷിപ്പ് നമ്പർ രേഖപ്പെടുത്തി ലൈഫ് സർട്ടിഫിക്കറ്റ് നോടൊപ്പം അയച്ചു നൽകേണ്ടതാണ്. ലൈഫ് സർട്ടിഫിക്കറ്റിന്റെ മാതൃക, വിദേശത്തുള്ള ഡയറക്ടർമാരുടെ വിവരങ്ങൾ എന്നിവ www.pravasikerala.org എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.