പാലക്കാട്: പാലക്കാട് കഞ്ചാവ് കടത്താൻ സമ്മതിക്കാത്ത ഓട്ടോ ഡ്രൈവർക്ക് ക്രൂര മർദനം. കൊല്ലങ്കോട് സ്വദേശി അബ്ബാസിനാണ് മർദനമേറ്റത്.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് മൂന്നുപേരെ പിടികൂടി.ചന്ദ്രനഗർ സ്വദേശികളായ സ്മിഗേഷ്, ജിതിൻ അനീഷ് എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നും അവർക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
കഴിഞ്ഞ മാർച്ച് ഒന്നിന് വൈകിട്ട് 4.30നാണ് സംഭവം, മൂന്നു പേർ ഓട്ടം വിളിച്ച് ഒഴിഞ്ഞ കാടുനിറഞ്ഞ സ്ഥലത്തേക്ക് പോകാൻ ആവശ്യപ്പെടുകയായിരുന്നു.
എന്തിനാണെന്ന് ചോദിച്ചപ്പോൾ വിഷണിപ്പെടുത്തിയെന്നും കഴുത്തിന് പിടിച്ച് മർദിച്ചെന്നും അബ്ബാസ് പറഞ്ഞു.
നിർബന്ധിച്ചുകൊണ്ട് കാടിന് സമീപത്തേക്ക് ഓട്ടോ എത്തിച്ചു. തുടർന്ന് കൂടുതൽ ആളുകളെ വിളിച്ചുവരുത്തി 12ഓളം പേർ ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. കഞ്ചാവ് കടത്താനാണെന്ന് അറിഞ്ഞതോടെ പറ്റില്ലെന്ന് പറഞ്ഞതോടെയായിരുന്നു. മർദനം.
ചെവിയിലും മുഖത്തും ശരീരത്തിലുമടക്കം അടിച്ചു. സംഭവത്തിനുശേഷം ജില്ലാ ആശുപത്രിയിലും മെഡിക്കൽ കോളേജിലും ചികിത്സ തേടുകയായിരുന്നുവെന്നും അബ്ബാസ് പറഞ്ഞു. പിടിയിലായവരിൽ രണ്ടു പേർ കൊലപാതക ശ്രമം, കഞ്ചാവ് കടത്ത് കേസുകളിലടക്കം പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.