ചക്കിട്ടപാറ: നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാനുള്ള ചക്കിട്ടപാറ പഞ്ചായത്തിന്‍റെ തീരുമാനത്തിനെതിരെ വനം വകുപ്പ്. പഞ്ചായത്തിന്‍റെ നടപടി രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്ന് കാട്ടി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ഉപദ്രവകാരികളായ കാട്ടു പന്നികളെ കൊല്ലാന്‍ ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്‍റിന് നല്‍കിയ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ അധികാരം റദ്ദാക്കണമെന്നും ശുപാര്‍ശയുണ്ട്.
മലയോര മേഖലയായ ചക്കിട്ടപാറയില്‍ വന്യമൃഗശല്യം രൂക്ഷമായതിനു പിന്നാലെയാണ് നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാന്‍ പഞ്ചായത്ത് ഭരണ സമിതി തീരുമാനമെടുത്തത്. ഇതിനായി ഷൂട്ടര്‍മാരുടെ പാനലിന് നിര്‍ദേശം നല്‍കുമെന്ന് ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്‍റ് കെ സുനില്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്തിനെതിരെ ചീഫ് ലൈഫ് വാര്‍ഡന്‍ വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ പട്ടികയില്‍ പഞ്ചായത്തിന്‍റെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം തെറ്റായ പ്രവണതകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പുമായി ആലോചിക്കുന്നതടക്കമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന ശുപാര്‍ശയും റിപ്പോര്‍ട്ടിലുണ്ട്. ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന്‍റെ ശുപാര്‍ശകള്‍ക്കെതിരെ ചക്കിട്ടപാറ പഞ്ചായത്ത് രംഗത്തെത്തി. വനം വകുപ്പിനെതിരെഹൈക്കോടതിയെ സമീപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കെ സുനില്‍ പറഞ്ഞു.
വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് പഞ്ചായത്ത് നിര്‍ണായക തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചായത്തിന്‍റെ തീരുമാനത്തിനെതിരെ നേരത്തെ വനം മന്ത്രി എകെ ശശീന്ദ്രനും രംഗത്തെത്തിയിരുന്നു