പുതുപ്പാടിയിൽ ഉമ്മയെ വെട്ടിക്കൊന്ന ആഷികും ഈങ്ങാപ്പുഴയിൽ ഭാര്യ ഷിബിലയെ വെട്ടിക്കൊന്ന യാസിറും ജോലി ചെയ്തത് ഒരേ തട്ടുകടയിലാണെന്ന് വിവരം. താമരശ്ശേരി ചുരത്തിലെ ഈ തട്ടുകട ലഹരി വ്യാപനത്തിന്റെ കേന്ദ്രമെന്ന് ജനകീയ സമിതി പറയുന്നു. പരാതിയെ തുടർന്ന് ഈ കട പൂട്ടിയിരുന്നു. വീണ്ടും തുറന്ന തട്ടുകടയുടെ മറവിൽ ലഹരി വില്പന നടക്കുന്നു എന്നാണ് ഉയരുന്ന ആരോപണം.
അതേസമയം, താമരശ്ശേരി മേഖലയിലെ രാസ ലഹരിക്കെതിരെ നിലപാടെടുക്കുന്ന ലഹരി വിരുദ്ധ പ്രവർത്തകരെ ലക്ഷ്യമിട്ടിരിക്കുകയാണ് ലഹരി മാഫിയ. ഫോട്ടോ പ്രചരിപ്പിച്ച് മർദ്ധിക്കുമെന്ന് ഭീഷണി മുഴക്കുന്നു. ലഹരിക്കെതിരായി സ്ഥാപിച്ച ബോർഡുകൾ നശിപ്പിച്ചു. പൊലീസും സഹായിക്കുന്നില്ലെന്നാണ് ജനകീയ കർമ്മ സമിതി പറയുന്നത്. ലഹരി മാഫിയ താവളം ആക്കുന്നത് ചുരവും പരിസരവുമാണെന്നും പ്രതീക്ഷകൾ നഷ്ടമായെന്നും ജനകീയ സമിതി പറയുന്നു.
അതേസമയം പ്രതിയായ യാസറിനെ താമരശ്ശേരി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിക്കായി അന്വേഷണസംഘം ഉടൻ കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡിയിൽ ലഭിച്ചതിനുശേഷം പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുക്കും. ലഹരി ഉപയോഗത്തെ തുടർന്നുണ്ടായ കുടുംബ വഴക്ക് കൊലപാതകത്തിൽ കലാശിച്ചു എന്നാണ് പൊലീസിന്റെ നിലവിലെ കണ്ടെത്തൽ. യാസിറിന്റെ ആക്രമണത്തിൽ കഴുത്തിനു മുറിവേറ്റ ഷിബില കഴിഞ്ഞ ദിവസമാണ് മരിച്ചത്.