തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐ.ബി ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശി മേഘ (24) യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം ചാക്കയിലെ റെയിൽ പാളത്തിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
ഒരു വർഷം മുമ്പാണ് മേഘ എമിഗ്രേഷൻ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചത്. രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്നിറങ്ങിയതായിരുന്നു. പിന്നീട് മേഘയുടെ മൃതദേഹം പേട്ടക്കും ചാക്കക്കും ഇടയിലെ റെയിൽപാളത്തിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പൊലിസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കുറച്ചുനാളുകളായി മേഘ മാനസിക പ്രയാസങ്ങൾ കാണിച്ചിരുന്നതായി ഐ.ബി ഉദ്യോഗസ്ഥർ പറഞ്ഞെന്ന് പൊലിസ് വ്യക്തമാക്കുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ പേട്ട പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചു.