തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ അവസാനിക്കുന്ന മാർച്ച് 26ന് കുട്ടികളുടെ ആഹ്ളാദ പ്രകടനങ്ങൾ അതിരുവിട്ട് പോകാതിരിക്കാൻ ജാഗ്രതാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. സ്‌കൂളുകളിൽ കുട്ടികൾ തമ്മിലുളള അടിപിടിയും അനിഷ്ടസംഭവങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്താൻ പ്രിൻസിപ്പൽമാർക്കും പ്രധാനാധ്യാപകർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
തൃശൂർ ജില്ലയിൽ പ്രശ്‌ന സാധ്യതയുള്ള അഞ്ച് സ്‌കൂളുകളെ പ്രത്യേകം തിരിച്ചറിഞ്ഞിട്ടുണ്ട്. മുൻ വർഷങ്ങളിൽ പല സ്‌കൂളുകളിലും ഫർണിച്ചർ, ഫാൻ തുടങ്ങിയവ നശിപ്പിക്കുക, പടക്കം പൊട്ടിക്കുക, തമ്മിൽ തല്ലുണ്ടാക്കുക, വാഹനങ്ങൾക്കു കേടുപാടുകൾ ഉണ്ടാക്കുക തുടങ്ങിയ പ്രവണതകൾ ഉണ്ടായിരുന്നു. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. സ്‌കൂൾ ഗേറ്റിനുപുറത്ത് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംരക്ഷണമുണ്ടാകും. പരീക്ഷ അവസാനിക്കുന്ന സമയത്ത് സ്‌കൂളുകളിലെത്താൻ എല്ലാ സ്‌കൂളുകളിലേയും പിടിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്