വടക്കഞ്ചേരി: ലഹരിവസ്തുക്കൾ പിടികൂടാനുള്ള ശ്രമത്തിനിടെ എഎസ്ഐയെ കാറിടിപ്പിച്ച് പ്രതി രക്ഷപ്പെട്ടു. പ്രതി കണ്ണമ്പ്ര ചുണ്ണാമ്പുതറ പൂളയ്ക്കൽപറമ്പ് പ്രതുലിനെ (20) ചൊവ്വാഴ്‌ച പുലർച്ചെ കോട്ടയം കറുകച്ചാലിൽവെച്ച് പോലീസ് പിടികൂടി.സംഭവത്തിൽ വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലെ എഎസ്ഐ കാവശ്ശേരി പത്തനാപുരം ചേറുംകൊട് പെരിയകുളം വീട്ടിൽ ഉവൈസിന് (46) കാലിന് സാരമായി പരിക്കേറ്റു. കൂടെയുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ ലൈജുവിനും പരിക്കേറ്റു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ദേശീയപാത ചെമ്മണാംകുന്നിലാണ് സംഭവം.
മയക്കുമരുന്ന് വിൽപ്പന നടത്തുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് ഉവൈസും സീനിയർ പോലീസ് ഓഫീസർമാരായ റിനുമോഹൻ, ലൈജു, ബ്ലെസ്സൻ ജോസഫ്, അബ്‌ദുൾ ജലാൽ, സിവിൽ പോലീസ് ഓഫീസർ റിയാസുദ്ദീൻ എന്നിവർ മൂന്നു ബൈക്കുകളിലായി പരിശോധനയ്ക്ക് എത്തുകയായിരുന്നു.
ഈ സമയത്ത് ഒരു കാറും ഒരു ബൈക്കും നിൽക്കുന്നുണ്ടായിരുന്നു. സംശയാസ്പപദമായി കണ്ട കാറിലെ ഡ്രൈവറോട് പുറത്തിറങ്ങാൻ പറയുന്നതിനിടെ പോലീസിന്റെ ബൈക്ക് ഇടിച്ചുവീഴ്ത്തിയ പ്രതി കാറുമായി രക്ഷപ്പെടുകയായിരുന്നു.
ഇതിനിടെ, ബൈക്കിൽ ഉണ്ടായിരുന്നവരും രക്ഷപ്പെട്ടു. വടക്കഞ്ചേരി എസ്ഐ മധുബാലകൃഷ്ണനും സംഘവും പുറകെ എത്തിയപ്പോഴേക്കും വാഹനം അതിവേഗം കടന്നുപോയി.തുടർന്ന്, വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കറുകച്ചാലിൽവെച്ച് ചൊവ്വാഴ്ച പുലർച്ചെ പ്രതി പിടിയിലായത്. പിടിയിലാകുമ്പോൾ പ്രതുലിന്റെ കൈവശം അഞ്ചുഗ്രാം എംഡിഎംഎയുമുണ്ടായിരുന്നു. പ്രതുലിനെ കോട്ടയത്തെ കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.