കൊല്ലം ∙ വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത മലയാളി പിടിയിൽ. മൂവാറ്റുപുഴ സ്വദേശി അനിൽ കുമാറിനെ കൊല്ലം ഏരൂരിലെ വീട്ടിൽ നിന്നുമാണ് തിരുവനന്തപുരം പേരൂർക്കട പൊലീസ് പിടികൂടിയത്. സാഹസികമായി വീട് വളഞ്ഞാണ് പൊലീസ് പ്രതിയെ പിടിച്ചത്.
.കൊല്ലം ഏരൂരിലെ ബന്ധുവീട്ടിൽ കഴിഞ്ഞിരുന്ന അനിൽ കുമാർ പൊലീസ് എത്തിയ വിവരമറിഞ്ഞ് വീടിന് മുകളിൽ കയറി സൺഷേഡിൽ ഒളിച്ചിരിക്കുകയായിരുന്നു. തിരച്ചിലിനൊടുവിലാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്.
ന്യൂസീലൻഡിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പേരൂർക്കട സ്വദേശിനിയായ യുവതിയിൽ നിന്നും 10 ലക്ഷം രൂപ തട്ടിയെടുത്ത പരാതി പൊലീസിന് ഏറെ നാൾ മുൻപ് ലഭിച്ചിരുന്നു. തുടർന്ന് വിവധ ഇടങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്.
പ്രതി എറണാകുളം കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാൾക്കെതിരെ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലായി പരാതിയുണ്ട്. അതേസമയം പേരൂർക്കട സ്വദേശിനിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്