കൊല്ലം: കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസിലെ മുഖ്യപ്രതി അലുവ അതുൽ പൊലീസിൻ്റെ മുന്നിൽനിന്ന് രക്ഷപ്പെട്ടു. വാഹന പരിശോധനയ്ക്കിടെ ആലുവ എടത്തലയിൽ വച്ചാണ് സംഭവം. പ്രതി സഞ്ചരിച്ച കാർ പൊലീസ് തടഞ്ഞതോടെ ഇയാൾ ഇറങ്ങി ഓടുകയായിരുന്നു. സംഭവ സമയം ഭാര്യയും കുഞ്ഞും ഇയാളുടെ കൂടെയുണ്ടായിരുന്നു. ഇവരെ ഉപേക്ഷിച്ചാണ് അതുൽ രക്ഷപ്പെട്ടത്.
കേസിൽ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊലയിൽ നേരിട്ട് പങ്കെടുത്ത രാജപ്പൻ എന്ന രാജീവ്, വാഹനം എടുത്തുനൽകിയ കുക്കു എന്ന മനു എന്നിവരാണ് പിടിയിലായത്. അലുവ അതുലാണ് ക്വാട്ടേഷൻ കൊടുത്തത്. ഇയാൾ അടക്കം ഇനി നാലുപേർ കൂടി പിടിയിലാകാനുണ്ട്.
വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി സന്തോഷ് കൊല്ലപ്പെടുന്നത്. സന്തോഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ജിം സന്തോഷ് എന്ന പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്.
2024 നവംബർ 13ന് സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെയാണ് ജാമ്യം നേടി പുറത്തിറങ്ങുന്നത്. മുൻപും സന്തോഷിന് നേരെ ആക്രമണമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
പ്രതികളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. പ്രതികൾ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. എല്ലാവരും വധശ്രമക്കേസ് പ്രതികളാണ്. ഒന്നാം പ്രതി അലുവ അതുൽ, പ്യാരി എന്നിവർഎംഡിഎംഎ അടക്കമുള്ള കേസുകളിലും പ്രതികളാണ്. രണ്ട് സംഘങ്ങൾ തമ്മിലുള്ള വർഷങ്ങൾ നീണ്ട വൈര്യാഗമാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് നിഗമനം. കരുനാഗപ്പള്ളി, ഓച്ചിറ കേന്ദ്രീകരിച്ചുള്ള രണ്ട് സംഘങ്ങൾ തമ്മിലാണ് തർക്കമുണ്ടായത്.