തൃശൂർ: പ്രിയങ്കാ ഗാന്ധി എം.പിയുടെ വാഹനവ്യൂഹത്തിനുനേരെ കാറോടിച്ച് കയറ്റി വഴിതടഞ്ഞ യുട്യൂബർക്കെതിരെ പോലീസ് കേസെടുത്തു.
എളനാട് മാവുങ്കൽ അനീഷ് എബ്രഹാമിനെതിരെയാണ് മണ്ണുത്തി പൊലീസ് കേസെടുത്തത്. മണ്ണുത്തി ബൈപാസ് ജംക്ഷനിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ നടന്ന ഇഫ്താറിൽ പങ്കെടുത്ത ശേഷം മലപ്പുറം വണ്ടൂരിൽ നിന്ന് നെടുമ്പശേരി വിമാനത്തവളത്തിലേക്ക് പ്രിയങ്ക സഞ്ചരിക്കുന്നതിനിടെയാണ് ഇയാൾ വഴിതടഞ്ഞത്.
പൈലറ്റ് വാഹനം ഹോണടിച്ചത് ഇഷ്ടപ്പെടാതെ ഇയാൾ വാഹനവ്യൂഹത്തിന് മുന്നിൽ കാർ നിർത്തുകയായിരുന്നു. തുടർന്ന് പൊലീസ് വാഹനം മാറ്റാൻ ശ്രമിച്ചപ്പോൾ ഇയാൾ പൊലീസിനോട് തട്ടിക്കയറുകയും ചെയ്തു. വാഹനവ്യൂഹത്തിലേക്ക് മനപൂർവം കാർ ഇടിച്ച് കയറ്റി ജീവാപായം സൃഷ്ടിക്കാൻ ശ്രമിച്ചതിനാണു കേസ്.