തിരുവനന്തപുരം: വിദ്യാർഥികൾക്കും അധ്യാപകർക്കും ശാരീരിക, മാനസിക ഉണർവിനായി ദിവസവും സ്‌കൂൾസമയത്തിന്റെ അവസാനഭാഗത്ത് പഠനം ഒഴിവാക്കി കായികവിനോദങ്ങൾ ഏർപ്പെടുത്തും. യോഗയോ മറ്റു വ്യായാമങ്ങളോ സ്‌കൂളുകളിൽ സംഘടിപ്പിക്കാനുള്ള സാധ്യത തേടുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
ലഹരിവിരുദ്ധ കർമപദ്ധതി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത ശില്പശാലയിൽ ഉയർന്ന നിർദേശങ്ങൾ അടുത്ത അധ്യയനവർഷം നടപ്പാക്കും. ലഹരിവിരുദ്ധ ബോധവത്കരണത്തിന് വകുപ്പ് പ്രത്യേക കലണ്ടർ തയ്യാറാക്കും. അധ്യാപക-വിദ്യാർഥി-രക്ഷാകർതൃബന്ധം കൂടുതൽ ദൃഢമാക്കാൻ സ്‌കൂളുകളിൽ പ്രത്യേക പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.
കുട്ടികളുടെ പെരുമാറ്റ വ്യതിയാനങ്ങൾ മനസ്സിലാക്കാൻ അധ്യാപകർക്ക് പരിശീലനം നൽകും. വിദ്യാർഥികളുടെ മാനസികസമ്മർദം കുറയ്ക്കാനുള്ള പ്രത്യേക പ്രവർത്തനങ്ങൾ നടപ്പാക്കും. വിദ്യാർഥികൾക്ക് അധ്യാപകരോട് അവരുടെ പ്രശ്‌നങ്ങൾ തുറന്നു പറയാനുള്ള അന്തരീക്ഷം ഉറപ്പാക്കും-മന്ത്രി പറഞ്ഞു.
ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ പുതിയ മാറ്റങ്ങൾ ഉൾക്കൊള്ളാൻ അധ്യാപകർക്ക് പരിശീലനം നൽകും. സ്‌കൂളുകളിൽ വിവിധ പദ്ധതി നടപ്പാക്കാനുള്ള മൊഡ്യൂൾ തയ്യാറാക്കാൻ എസ്‌സിഇആർടിയെ ചുമതലപ്പെടുത്തി. മയക്കുമരുന്നിന്റെ സ്വാധീനത്തിൽപ്പെട്ടവരും അക്രമങ്ങൾക്കിരയായവരുമായ വിദ്യാർഥികൾക്ക് കൗൺസലിങ് ഉൾപ്പെടെയുള്ള പ്രത്യേക പരിചരണം ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.