ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാനിൽ ശക്തമായ ഭൂചലനം. 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 2.58നാണ് ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. കറാച്ചിയിലും ഭൂകമ്പത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഇന്നു പുലര്‍ച്ചെ വീണ്ടും ഭൂചലനമുണ്ടായത്. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല
അതേസമയം മ്യാൻമറിനെ തകർത്ത ഭൂകമ്പത്തിൽ മരണം 2719 ആയി. 4521 പേർക്ക് പരുക്കേൽക്കുകയും 441 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. സഹായമെത്താൻ ഇനിയും സ്ഥലങ്ങൾ ബാക്കിയുള്ളതിനാൽ മരണസംഖ്യ ഉയരാനാണ് സാധ്യത. വെള്ളത്തിന്റെയും മരുന്നുകളുടെയും ക്ഷാമം രൂക്ഷമാണെന്നും പകർച്ചവ്യാധികൾക്കുള്ള സാധ്യത ഉണ്ടെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു. തുറസ്സായ സ്ഥലങ്ങളിലാണ് വീടുകൾ നഷ്ടപ്പെട്ടവർ കഴിയുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ ഏജൻസിയായ യുഎൻഎച്ച്സിആറിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. സൈനിക ആസ്ഥാനം അടക്കമുള്ള ഭരണകേന്ദ്രങ്ങളിൽ ഭൂകമ്പം വലിയ നാശം വരുത്തിയത് രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.