ന്യൂഡൽഹി: മുസ്ലിം സമുദായ നേതാക്കളുടെയും സംഘടനകളുടെയും കടുത്ത പ്രതിഷേധം വകവെക്കാതെ വഖഫ് ദേഭഗതി ബിൽ ഇന്ന് ലോക്സഭയിൽ. 12 മണിക്കൂർ ചർച്ചക്കായി സമയം അനുവദിക്കണമെന്ന ആവശ്യം തള്ളിയതിനെ തുടർന്ന് പാർലമെന്റിന്റെ കാര്യോപദേശക സമിതി (ബി.എ.സി) യോഗത്തിൽനിന്ന് പ്രതിപക്ഷ എം.പിമാർ ഇറങ്ങിപ്പോയതിന് പിന്നാലെയാണ് ബുധനാഴ്ച ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു പാസാക്കുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കൂടിയായ ന്യൂനപക്ഷ മന്ത്രി കിരൺ റിജിജു വ്യക്തമാക്കിയത്. ഭരണമുന്നണിയായ എൻ.ഡി.എയും പ്രതിപക്ഷത്തുനിന്ന് കോൺഗ്രസും സഭയിൽ ഹാജരുണ്ടാകണമെന്ന് എം.പിമാർക്ക് വിപ്പ് നൽകി. എട്ട് മണിക്കൂർ ചർച്ച നടത്തി ബുധനാഴ്ചതന്നെ ബിൽ ലോക്സഭയിൽ പാസാക്കുമെന്നും തുടർന്ന് രാജ്യസഭയിലേക്ക് വിടുമെന്നും കേന്ദ്ര മന്ത്രി കിരൺ റിജിജു പറഞ്ഞു.
ടി.ഡി.പിയും ജെ.ഡി.യുവും പിന്തുണക്കുമെന്ന്
വഖഫ് സ്വത്തുക്കൾക്ക് മേൽ പിടിമുറുക്കാനും തർക്കങ്ങളിൽ വഖഫിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായ തീരുമാനം കൈക്കൊള്ളാനും പാകത്തിലുള്ള വിവാദ വ്യവസ്ഥകളോടെയാണ് ബിൽ അവതരിപ്പിക്കുന്നത്. വഖഫ് ബോർഡിൽ ചുരുങ്ങിയത് രണ്ട് അമുസ്ലിംകൾ വേണമെന്ന വ്യവസ്ഥ അടക്കം ജെ.പി.സി റിപ്പോർട്ടിനൊപ്പം സമർപ്പിച്ച കരടു ബില്ലിൽ കാര്യമായ മാറ്റങ്ങളുണ്ടാകില്ലെന്ന് ജെ.പി.സി അംഗമായ ബി.ജെ.പി നേതാവ് അപരാജിത ‘മാധ്യമ’ത്തോടു പറഞ്ഞു. ജനതാദൾ-യുവും തെലുഗുദേശം പാർട്ടിയും ബില്ലിനെ പിന്തുണച്ച് വോട്ടു ചെയ്യുമെന്നും അവർ നേരത്തേ നിർദേശിച്ച ഭേദഗതികൾ അംഗീകരിച്ചിട്ടുണ്ടെന്നും അപരാജിത വ്യക്തമാക്കി