മലപ്പുറം: റോഡരികിൽ ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ മാരകായുധങ്ങളുമായി ആക്രമണം നടത്തി രണ്ട്പേരെ ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. പാണക്കാട് പെരിയേങ്ങൽ മുഹമ്മദ് റാഷിഖ് (27), പാണക്കാട് പട്ടർക്കടവ് എർളാക്കര മുഹമ്മദ് ജാസിദ് (26), പാണക്കാട് കുണ്ടുപുഴക്കൽ മുഹമ്മദ് ബാസിത് (21) എന്നിവരെയാണ് മലപ്പുറം പൊലീസ് ഇൻസ്പെക്ടർ പി. വിഷ്ണുവിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
പെരുന്നാൾ ദിനത്തിൽ പുലർച്ചെ പാണക്കാട് വെച്ചാണ് പട്ടർക്കടവ് സ്വദേശി ഹാരിസിനേയും പിതൃ സഹോദരന്‍റെ മകനായ റിയാസിനേയും പ്രതികൾ മാരകായുധങ്ങളുമായി ആക്രമിച്ചത്. റിയാസിനെ പ്രതികൾ അക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിക്കുമ്പോഴാണ് മാരകായുധങ്ങളായ നെഞ്ചക്ക്, ഇരുമ്പുവടി എന്നിവ ഉപയോഗിച്ച് ഹാരിസിനെ ആക്രമിച്ചത്. ഒന്നാം പ്രതിയായ മുഹമ്മദ് റാഷിഖ് ഹാരിസിനെ ചാവി കൊണ്ട് കുത്തി മാരകമായി പരിക്കേൽപ്പിച്ചിട്ടുണ്ട്.
പ്രതികൾ റോഡരികിലിരുന്ന് ലഹരി ഉപയോഗിക്കുന്നത് റിയാസ് ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധമാണ് അക്രമത്തിന് കാരണം.ലഹരി ഉപയോഗിച്ചതിനും അക്രമങ്ങൾ നടത്തിയതിനും പ്രതികൾക്ക് മുമ്പും മലപ്പുറത്തും മറ്റു പൊലീസ് സ്റ്റേഷനുകളിലും കേസുള്ളതായി പൊലീസ് അറിയിച്ചു. മലപ്പുറം പൊലിസ് സബ് ഇൻസ്പെക്ടർ എസ്.കെ പ്രിയന്‍റെ നേതൃത്വത്തിൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.