ന്യൂഡൽഹി: വിവാദമായ വഖഫ് ദേഭഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര പാർലമെന്ററി വകുപ്പ് മന്ത്രി കൂടിയായ ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജുവാണ് ബിൽ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനിടെയാണ് ബിൽ അവതരണം. ബില്ലിൽ എട്ട് മണിക്കൂർ ചർച്ച നടക്കും.
ബിൽ അവതരിപ്പിക്കുന്നതിന് മുമ്പായി പ്രതിപക്ഷം ക്രമപ്രശ്നം ഉന്നയിച്ചു. ബിൽ അടിച്ചേൽപ്പിക്കുകയാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. യഥാർഥ ബില്ലിൽ ചർച്ച നടന്നിട്ടില്ലെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ചൂണ്ടിക്കാട്ടി. ജോയിന്റ് പാർലമെന്റ് കമ്മിറ്റിക്ക് ബില്ലിൽ ഭേദഗതി വരുത്താനുള്ള അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നൽകി. പ്രതിപക്ഷത്തിന്റെ ആഗ്രഹപ്രകാരമാണ് ബിൽ ജെ.പി.സിക്ക് വിട്ടത്. കമ്മിറ്റി അവരുടെ നിർദേശങ്ങൾ അറിയിച്ചു. മന്ത്രി റിജിജു അത് സഭയിലെത്തിച്ചു. ഞങ്ങളുടെ കാലത്തെ ജെ.പി.സികൾ തലച്ചോർ ഉപയോഗിക്കുന്നുണ്ട്. കോൺഗ്രസ് കാലത്തേത് പോലെ വെറുതേ റബ്ബർ സ്റ്റാമ്പായി പ്രവർത്തിക്കുകയല്ല -അമിത് ഷാ പറഞ്ഞു.
നിലവിൽ 542 എം.പിമാരുള്ള ലോക്സഭയിൽ 272 എം.പിമാരുടെ പിന്തുണ മതി ബിൽ പാസാക്കാൻ. എന്നാൽ, നരേന്ദ്ര മോദി നേതൃത്വം നൽകുന്ന എൻ.ഡി.എയിൽ 293 എം.പിമാരുണ്ട്. ഇൻഡ്യ സഖ്യത്തിന് 238 എം.പിമാരാണുള്ളത്. മുസ്ലിം വോട്ടർമാരെ പൂർണമായും കൈവിടാനാവില്ലെന്ന് കരുതുന്ന എൻ.ഡി.എ സഖ്യകക്ഷികളിൽ തെലുഗുദേശം പാർട്ടിക്ക് 16ഉം ജനതാദൾ യുവിന് 12ഉം എൽ.ജെ.പി (രാം വിലാസ്)ക്ക് അഞ്ച് എം.പിമാരുമാണ് ലോക്സഭയിലുള്ളത്. ഇവർ കൂടെയുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് കേന്ദ്ര സർക്കാർ.
മുസ്ലിം സമുദായ നേതാക്കളുടെയും സംഘടനകളുടെയും കടുത്ത പ്രതിഷേധം വകവെക്കാതെയാണ് ബിൽ ലോക്സഭയിൽ കൊണ്ടുവന്നിരിക്കുന്നത്. ബുധനാഴ്ചതന്നെ ബിൽ ചർച്ച നടത്തി ലോക്സഭയിൽ പാസാക്കി തുടർന്ന് രാജ്യസഭയിലേക്ക് വിടാനാണ് കേന്ദ്ര നീക്കം.
12 മണിക്കൂർ ചർച്ചക്കായി സമയം അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചിരുന്നില്ല. ഇതേതുടർന്ന് പാർലമെന്റിന്റെ കാര്യോപദേശക സമിതി (ബി.എ.സി) യോഗത്തിൽനിന്ന് പ്രതിപക്ഷ എം.പിമാർ ഇറങ്ങിപ്പോയിരുന്നു