ദില്ലി: വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ പാസായി. 288 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 232 പേർ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു. ബിൽ അവതരിപ്പിച്ച് ചർച്ചക്ക് ശേഷമായിരുന്നു വോട്ടെടുപ്പ്. 14 മണിക്കൂറിലേറെ നീണ്ട നടപടികൾക്ക് ശേഷമാണ് ബിൽ ലോക്സഭ കടന്നത്. പ്രതിപക്ഷ അംഗങ്ങൾ അവതരിപ്പിച്ച ഭേദഗതികൾ വോട്ടിനിട്ട് തള്ളി. കെ.സി. വേണുഗോപാൽ, ഇ.ടി. മുഹമ്മദ് ബഷീർ, കെ. രാധാകൃഷ്ണൻ, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരുടെ നിർദേശങ്ങളും വോട്ടിനിട്ട് തള്ളി.
2025 ഏപ്രിൽ മൂന്ന് വ്യാഴാഴ്ച പുലർച്ചെ 2 മണിയോടെയാണ് ബിൽ പാസായത്. വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995 ലെ നിയമം ഭേദഗതി ചെയ്യുന്നതിനാണ് കേന്ദ്ര സർക്കാർ ബിൽ അവതരിപ്പിച്ചത്. ബിൽ ഇന്നുതന്നെ രാജ്യസഭയിലും അവതരിപ്പിക്കും. ബിൽ പരിശോധിക്കാൻ രൂപീകരിച്ച സംയുക്ത പാർലമെന്ററി സമിതി തങ്ങളുടെ നിർദ്ദേശങ്ങൾ പരിഗണിച്ചില്ലെന്ന് പ്രതിപക്ഷം വാദിച്ചു. ബിൽ ഭരണഘടനാ വിരുദ്ധമാണെന്നും സർക്കാർ ന്യൂനപക്ഷങ്ങളെ അപകീർത്തിപ്പെടുത്താനും അവകാശങ്ങൾ നിഷേധിക്കാനും ശ്രമിക്കുകയാണെന്നും ഭരണഘടനയ്‌ക്കെതിരെ 4D ആക്രമണം നടത്തുകയാണെന്നും കോൺഗ്രസ് പ്രഖ്യാപിച്ചു.