കോഴിക്കോട്: സാമൂതിരി കെ സി ഉണ്ണിയനുജൻ രാജ (100) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് വൈകിട്ടോടെയാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം നാളെ കോഴിക്കോട് ടൗൺഹാളിൽ പൊതു ദർശനത്തിന് വയ്ക്കും. പിന്നീട് ജന്മഗൃഹമായ കോട്ടക്കൽ കിഴക്കേ കോവിലകത്തേക്ക് കൊണ്ടുപോകും. ഇവിടെ സംസ്‌കാരം നടക്കും.
കോട്ടക്കൽ കിഴക്കേ കോവിലകത്തെ കുഞ്ഞുമ്പാട്ടിയുടെയും അഴകപ്ര കുബേരൻ നമ്പൂതിരിപ്പാടിൻറെയും മകനായി 1925ലാണ് ഉണ്ണിയനുജൻ രാജ ജനിച്ചത്. കോട്ടക്കലിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഗുരുവായൂരപ്പൻ കോളജിൽ ഉപരിപഠനം നടത്തി. എൻജിനീയറിങ് ബിരുദത്തിന് ശേഷം റെയിൽവേ എൻജിനീയറായി ജോലിക്ക് ചേർന്നു. പിന്നീട് ജാംഷഡ്‌പൂരിൽ ടാറ്റാ കമ്പനിയിലും ജോലിചെയ്തു. കളമശ്ശേരി എച്ച്.എം.ടിയിൽ പ്ളാനിങ് എൻജിനീയറായി 1984ൽ വിരമിച്ചു. 12 വർഷം മുൻപാണ് അദ്ദേഹം സാമൂതിരിയായത്. ഭാര്യ മാലതിരാജ. മക്കൾ: സരസിജ, മായ, ശാന്തി.