കോഴിക്കോട് : ജനാധിപത്യ മതേതര കക്ഷികളുടെ ശക്തമായ എതിർപ്പുകൾ മറികടന്നും ഭരണഘടനാ മൂല്യങ്ങൾ അട്ടിമറിച്ചും പാർലമെൻ്റിൽ പാസ്സാക്കിയ വഖഫ് ഭേദഗതി ബിൽ നിയമമാക്കപ്പെടുന്ന പക്ഷം നിയമപരമായി നേരിടുമെന്ന് സമസ്‌ത കേരളം ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാരും സംയുക്ത പ്രസ്‌താവനയിൽ പറഞ്ഞു.
കേന്ദ്ര വഖ്ഫ് കൗൺസിലിൻ്റെയും സംസ്‌ഥാന വഖ്‌ഫ് ബോർഡുകളുടെയും വഖ്ഫ് ട്രൈബ്യൂണലുകളുടെയും അധികാരങ്ങൾ കവർന്നെടുത്ത് വഖ്ഫ് ഭൂമികൾ പിടിച്ചെടുക്കാനുള്ള തന്ത്രപരമായ നീക്കങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. വഖ്ഫ് ഭൂമികൾ സംരക്ഷിക്കുക എന്നത് ഭരണകൂടത്തിൻ്റെ കൂടി ബാധ്യതയാണ്. സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാനും മുസ്‌ലിം സമുദായത്തിൻ്റെ അവകാശങ്ങൾ കവരാനുമാണ് കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നത്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇന്ത്യയിലെ ജനാധിപത്യ മതേതര ശക്തികൾ ഒറ്റകെട്ടായി തുടർന്നും ഇതിനെതിരെ പോരാടണമെന്നും അവർ അഭ്യർത്ഥിച്ചു