കോഴിക്കോട്: സമൂഹമാധ്യമ വ്യാജ അക്കൗണ്ടുകള്‍ വഴി പരിചയം സ്ഥാപിക്കുകയും വ്യാജ ഫോട്ടോകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യുന്ന പ്രതിയെ കോഴിക്കോട് പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മാറാഞ്ചേരി സ്വദേശി മുഹമ്മദ് ഫുവാദാണ് പിടിയിലായത്. കോഴിക്കോട് സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. നിരവധി സ്ത്രീകളെ ഇത്തരത്തില്‍ പ്രതി തട്ടിപ്പിന് ഇരയാക്കിയെന്ന വിവരം പൊലീസിന് ലഭിച്ചു.
കോഴിക്കോട് സ്വദേശിയായ യുവതിയുമായി വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് പ്രതി ബന്ധം സ്ഥാപിച്ചത്. വ്യാജ ഫോട്ടോകള്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പണം തട്ടാന്‍ ശ്രമം. പൊലീസ് നടത്തിയ പരിശോധനയില്‍ നിരവധി ഫോണുകളും സിം കാര്‍ഡുകളും പ്രതിയായ മാറാഞ്ചേരി സ്വദേശി മുഹമ്മദ് ഫുവാദില്‍ നിന്നും പിടിച്ചെടുത്തു. ഇയാള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിരവധി വ്യാജ അക്കൗണ്ടുകള്‍ ഉണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി.
ഇത് ഉപയോഗിച്ച് കൂടുതല്‍ സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടിയെന്ന് വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഖത്തറിൽ ഡ്രൈവറായിരുന്ന പ്രതി ഒരുവർഷം മുമ്പാണ് നാട്ടിലെത്തിയത്. ഗൾഫിലെ വിവിധ നമ്പറുകൾ സംഘടിപ്പിച്ചാണ് പ്രതി സ്ത്രീകളുമായി ചാറ്റ് ചെയ്തിരുന്നത്. സ്ത്രീകളുടെ പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് പരിചയം സ്ഥാപിക്കുന്നത്.
പിന്നീട് വീഡിയോ കോളിലേക്ക് ക്ഷണിക്കുകയും ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുകയും അതിന്‍റെ സ്ക്രീൻ ഷോട്ട് എടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് അറിയിച്ചു. മാനക്കേട് ഓർത്ത് പലരും പ്രതി ആവിശ്യപ്പെടുന്ന പണം നൽകിയതായും പൊലീസിന്റെ അന്വേഷണത്തിൽ വെളിവായിട്ടുണ്ട്