പള്ളിപ്പുറത്ത് വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ഗുരുതര പരിക്ക്. രണ്ട് കെഎസ്ആർടിസി ബസുകളും പാൽ വണ്ടിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.മൂന്ന് വണ്ടികളും ഒരേ ദിശയിലായിരുന്നു. ഒന്നിനുപുറകെ ഒന്നായി വാഹനങ്ങൾ ഇടിക്കുകയായിരുന്നു.
ആറ്റിങ്ങൽ ഭാഗത്തുനിന്ന് വന്ന ഫാസ്റ്റ് പാസഞ്ചർ നിർത്തി ആളുകളെ ഇറക്കുന്ന സമയത്താണ് അപകടമുണ്ടായത്. തൊട്ടുപുറകെ വന്ന മറ്റൊരു കെഎസ്ആർടിസി ബസ് ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് നിർത്തിയിരുന്ന ബസ്സിൽ ഇടിക്കുകയായിരുന്നു.തൊട്ടുപിറകെ വന്ന പാൽ വണ്ടിയും ബസിന് പിന്നിലിടിച്ചു. അപകടത്തിൽ നിരവധി ബസ് യാത്രക്കാർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. 2 കുട്ടികളടക്കം ഏഴുപേരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പലർക്കും കമ്പിയിൽ തലയിടിച്ചാണ് പരിക്കേറ്റത്.