വീടുകളില്‍ കവര്‍ച്ച നടത്തി റെയില്‍വേ ട്രാക്ക് വഴി രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാടാവ് ട്രെയിന്‍ തട്ടി മരിച്ചു. പാലക്കാട് മലമ്പുഴയില്‍ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മാനന്തവാടി സ്വദേശി മണികണ്ഠനാണ് നിരവധി കവര്‍ച്ചാക്കേസിലെ പ്രതിയെന്ന് തെളിഞ്ഞത്. വീട്ടിലെ കവര്‍ച്ച കഴിഞ്ഞ് മടങ്ങുന്നത് സിസിടിവിയില്‍ പതിഞ്ഞതിനൊപ്പം മൃതദേഹത്തിന് സമീപത്ത് നിന്നും കമ്പിപ്പാരയും കവര്‍ന്ന ആഭരണങ്ങളും കണ്ടെടുത്തു.
കഴിഞ്ഞ ദിവസമാണ് ഐഐടിക്ക് സമീപം ഉമ്മിണികുളം ഭാഗത്ത് ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ യുവാവിനെ കണ്ടത്. മൃതദേഹത്തിന് സമീപം കമ്പിപ്പാരയും, അരയില്‍ തിരുകിയ നിലയില്‍ കൂടുതല്‍ വസ്ത്രവും ഷര്‍ട്ടിന്‍റെ അറയില്‍ ആഭരണങ്ങളും കണ്ടെത്തി. കമ്പിപ്പാരയാണ് മോഷ്ടാവെന്ന സംശയത്തിലേക്ക് എത്തിച്ചത്. തുടര്‍ന്ന് വിരലടയാളം പരിശോധിക്കുമ്പോഴാണ് 2008 ല്‍ കണ്ണൂര്‍ ധര്‍മ്മടം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വീട് കുത്തിത്തുറന്ന കേസില്‍ മണികണ്ഠന്‍ പ്രതിയെന്ന് തെളിഞ്ഞത്.
തുടര്‍ന്ന് മണികണ്ഠന്‍ മലമ്പുഴയിലെ വീട്ടില്‍ക്കയറി കവര്‍ച്ച നടത്തി മടങ്ങുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. പൊലീസിന്‍റെ പിടിയില്‍പ്പെടാതിരിക്കാന്‍ ട്രാക്ക് വഴി സഞ്ചരിക്കുന്നതിനിടെ ട്രെയിന്‍ തട്ടിയുള്ള മരണമെന്നാണ് പൊലീസ് നിഗമനം. മണികണ്ഠന്‍ കവര്‍ന്നതായി കരുതുന്ന മൃതദേഹത്തിലുണ്ടായിരുന്ന ആഭരണങ്ങള്‍ സ്വര്‍ണമല്ലെന്നും പൊലീസ് പറഞ്ഞു. കൂടുതല്‍ കവര്‍ച്ചാക്കേസില്‍ പങ്കാളിയാണോ എന്നതുള്‍പ്പെടെ പരിശോധിക്കുമെന്ന് കസബ പൊലീസ് അറിയിച്ചു