പാലക്കാട് : അച്ഛനമ്മമാർക്കൊപ്പം തീവണ്ടിയിൽ ഉറങ്ങിക്കിടന്ന ഒരുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. പാലക്കാട് ജങ്ഷൻ റെയിൽവേസ്റ്റേഷന് മുന്നിലെ ഓട്ടോറിക്ഷാ തൊഴിലാളികളുടെയും നാട്ടുകാരുടെയും ഇടപെടലിൽ കുഞ്ഞിനെ രക്ഷിച്ചു. പ്രതി തമിഴ്‌നാട് ദിണ്ടിഗൽ പെരുമാൾപ്പെട്ടി വെട്രിവേൽ (32) അറസ്റ്റിലായി. ഭിക്ഷാടനത്തിനായാണ് ഇയാൾ കുഞ്ഞിനെ കടത്തിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു.ഒഡിഷയിൽനിന്ന് ജോലിക്കായി ആലുവയിലേക്ക് വരികയായിരുന്ന റായ്‌ഗഢ് സ്വദേശികളായ മനസ് ദൻകാരിയുടെയും ഹമീസയുടെയും മകൾ താൻസികയെയാണ് വെട്രിവേൽ തട്ടിയെടുത്തത്. പാലക്കാട് ജങ്ഷൻ റെയിൽവേസ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രി പത്തുമണിക്കുശേഷമാണ് സംഭവം. യാത്രയ്ക്കിടെ ഉറങ്ങിപ്പോയ ദമ്പതിമാരുടെ സമീപത്തുനിന്നാണ് ഇയാൾ കുട്ടിയെ എടുത്തത്. പിന്നീട് പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിലിറങ്ങി.സ്റ്റേഷന് മുന്നിലെത്തിയ ഇയാളുടെ കൈയിലുണ്ടായിരുന്ന കുട്ടി ഉച്ചത്തിൽ കരഞ്ഞു. സംശയംതോന്നിയ ഓട്ടോറിക്ഷാ തൊഴിലാളികളും നാട്ടുകാരും ചേർന്ന് വെട്രിവേലിനെ തടഞ്ഞുനിർത്തി വിവരംതിരക്കി. ഇതോടെയാണ് സംഭവം പുറത്താവുന്നത്. യുവാവ് മദ്യലഹരിയിലായിരുന്നെന്ന് ഓട്ടോതൊഴിലാളികൾ പറഞ്ഞു. അവർ ഉടൻ ടൗൺ നോർത്ത് പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി വെട്രിവേലിനെയും കുട്ടിയെയും പോലീസ് സ്റ്റേഷനിലെത്തിച്ചു.വണ്ടി തൃശ്ശൂരെത്തിയപ്പോഴാണ് ദമ്പതിമാർ കുട്ടിയെ നഷ്‌ടപ്പെട്ടവിവരം അറിയുന്നത്. ഉടൻ ആർപിഎഫ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടർന്നുനടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ പാലക്കാട്ട് കണ്ടെത്തിയ വിവരം അറിഞ്ഞത്. ഇരുവരും പിന്നീട് പാലക്കാട് ടൗൺ നോർത്ത് പോലീസ് സ്റ്റേഷനിലെത്തി കുട്ടിയെ ഏറ്റുവാങ്ങി. ഒഡിഷയിൽനിന്ന് വ്യാഴാഴ്ചയാണ് ടാറ്റാനഗർ-എറണാകുളം എക്സ്പ്രസിൽ മനസ് ദൻകാരിയും ഹമീസയും ആലുവയിലേക്ക് പുറപ്പെട്ടത്. ആലുവയിൽ അലുമിനിയം പാത്രക്കമ്പനിയിലാണ് ജോലി. 11 വർഷമായി ഇവർ സ്ഥിരമായി ജോലിക്കായി കേരളത്തിലെത്തുന്നുണ്ട്. രതയ്ക്കിടെ ഉറങ്ങി, എണീക്കുമ്പോൾ കുഞ്ഞ് ഒപ്പമുണ്ടായിരുന്നില്ലെന്ന് ഹമീസ പറഞ്ഞു.
ടൗൺ നോർത്ത് സ്റ്റേഷൻ എഎസ്ഐ സജീവൻ, എസ്‌സിപിഒ ശബരി, ശരത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന്, പ്രതിയെ റെയിൽവേപോലീസിന് കൈമാറി. വെട്രിവേലിനെ കോടതി റിമാൻഡ് ചെയ്തു. ദിണ്ടിഗൽ, സേലം എന്നിവിടങ്ങളില മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ.