മധുര: സിപിഎമ്മിനെ നയിക്കാൻ എംഎ ബേബി. എംഎ ബേബിയെ സിപിഎം ജനറൽ സെക്രട്ടറിയ്ക്കാനുള്ള ശുപാർശ പോളിറ്റ് ബ്യൂറോ അംഗീകരിച്ചു. പുതിയ കേന്ദ്ര കമ്മിറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പുണ്ടാകില്ല. ബംഗാൾ ഘടകം. വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല.
ഇഎംഎസിനുശേഷം ജനറൽ സെക്രട്ടറിയാകുന്ന മലയാളിയാണ് എംഎ ബേബി. ഇന്ന് രാവിലെ ചേർന്ന പിബി യോഗത്തിലാണ് എംഎ ബേബിയുടെ പേര അന്തിമമായി അംഗീകരിച്ചത്. കേന്ദ്ര കമ്മിറ്റി യോഗത്തിൽ എംഎ ബേബിയുടെ പേര് അംഗീകരിച്ചശേഷമായിരിക്കും ഔദ്യോഗികമായി പ്രഖ്യാപിക്കുക.
പാർട്ടിയുടെ സാംസ്‌കാരിക ദാർശനിക മുഖമാണ് എം എ ബേബി. കൊല്ലം എസ് എൻ കൊളജിൽ നിന്ന് തുടങ്ങിയ സംഘടനാ പ്രവർത്തനം ഇന്ന് അദ്ദേഹത്തെ ഇന്ത്യയിലെ മാർക്സിസ്റ്റ് പാർട്ടിയുടെ അമരക്കാരൻ ആക്കിയിരിക്കുകയാണ്. സീതാറാം യെച്ചൂരിയുടെ പിൻഗാമിയായിട്ടാണ് എംഎ ബേബി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്.
സിപിഎം ജനറൽ സെക്രട്ടറിയായി എംഎ ബേബിയെ പ്രഖ്യാപിക്കാൻ മണിക്കൂറുകൾ ബാക്കിയുണ്ടെങ്കിലും രാവിലെ സമ്മേളന നഗരിയിലേക്ക് പുറപ്പെടാനിറങ്ങിയ എംഎ ബേബിയെ അഭിനന്ദിക്കാനും ഒപ്പം നിന്ന് ചിത്രമെടുക്കാനും പാർട്ടി പ്രവർത്തകരെത്തിയിരുന്നു. അതേസമയം, ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുറിച്ച് പാർട്ടി കോൺഗ്രസിൻ്റെ ഉത്തരവാദപ്പെട്ട വ്യക്തികൾ പറയുമെന്ന് മാത്രമാണ് ബേബി പ്രതികരിച്ചത്.
അതേസമയം, കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തിൽ നിന്ന് മുഹമ്മദ് റിയാസിനെ മാത്രമായിരിക്കും പുതുതായി ഉൾപ്പെടുത്തുകയെന്നാണ് വിവരം. പി.കെ.ശ്രീമതിയെ പ്രായപരിധി ഇളവ് നൽകി കേന്ദ്ര സമിതിയിൽ നിലനിർത്തും. പടിയിറങ്ങുന്ന പ്രകാശ് കാരാട്ടും വൃന്ദയും സിസിയിൽ പ്രത്യേക ക്ഷണിതാക്കളാകും.