ന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതി നിയമം കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതിന് തൊട്ടുപിന്നാലെ നിയമത്തിനെതിരേ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സുപ്രിംകോടതിയെ സമീപിച്ചു. നിയമം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രത്യേക അപേക്ഷയും സമര്‍പ്പിച്ചു. നിയമം ഭരണഘടനയുടെ 14, 15, 25, 26, 300എ അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. വഖ്ഫ് സ്വത്തുക്കള്‍ സര്‍ക്കാര്‍ സ്വത്തുക്കളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള 35 ഭേദഗതികളാണ് നിയമത്തില്‍ കൊണ്ടുവന്നിരിക്കുന്നതെനാണ് സമസ്ത ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്.
ഭേദഗതി വഖ്ഫിന്റെ മതസ്വഭാവം ഇല്ലാതാക്കുന്നതും മതപരമായ സ്വത്തുക്കള്‍ സ്വയം കൈകാര്യം ചെയ്യാന്‍ ഭരണഘടനയുടെ 26ാം അനുച്ഛേദപ്രകാരം അതത് മതവിഭാഗങ്ങളെ അനുവദിക്കുന്ന മൗലികാവകാശത്തിന്റെ ലംഘനവുമാണ്. സംസ്ഥാന വഖ്ഫ് ബോര്‍ഡുകളുടെ അവകാശങ്ങളില്‍ കടന്നു കയറുകയും അവയുടെ നിയന്ത്രണങ്ങളില്‍ ഇടപെടുകയും ചെയ്യുന്നത് ഫെഡറല്‍ തത്വങ്ങളെയും ലംഘിക്കുന്നു. 1995 ലെ നിയമത്തിലെ സെക്ഷന്‍ 3 (ആര്‍) ല്‍ നല്‍കിയിരിക്കുന്ന 'വഖ്ഫ്' എന്നതിന്റെ നിര്‍വചനത്തിലെ ഭേദഗതിയും പുതുതായി ചേര്‍ത്ത സെക്ഷന്‍ 3ഇ, പുതുതായി ചേര്‍ത്ത 7 (1) വകുപ്പും നിലവിലെ വഖ്ഫ് സ്വത്തുക്കളെ ഗുരുതരമായി ബാധിക്കുന്നതാണ്.