മാനന്തവാടി: വയനാട്ടിൽ വില്‍പ്പനക്കായി കടത്തുകയായിരുന്നു കഞ്ചാവുമായി യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ എളയാവൂര്‍ സൈനബ മന്‍സിലില്‍ മുഹമ്മദ് അനസ് (26), കണ്ണൂര്‍ ചക്കരക്കല്‍ വില്ലേജില്‍ കൊച്ചുമുക്ക് ദേശത്ത് പുതിയപുരയില്‍ വീട്ടില്‍ പി.പി. മുഹമ്മദ് നൗഷാദ് എന്നിവരാണ് ബാവലി എക്‌സൈസ് ചെക്‌പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനക്കിടെ പിടിയിലായത്.
അരക്കിലോ കഞ്ചാവാണ് ഇരുവരില്‍ നിന്നുമായി പിടിച്ചെടുത്തു. ഇവര്‍ സഞ്ചരിച്ച KL-13-AK275 എന്ന നമ്പറിലുള്ള സ്‌കൂട്ടറും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെ അതിര്‍ത്തിയിലെത്തിയ യുവാക്കളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി വാഹനമടക്കം എക്സൈസ് സംഘം പരിശോധിക്കുകയായിരുന്നു. വാഹനത്തിൽ നിന്നും ഇരുവരുടേയും കൈവശം ഒളിപ്പിച്ച നിലയിലുമായി അര കിലോ കഞ്ചാവാണ് കണ്ടെത്തിയത്.
മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ അബ്ദുള്‍ സലിം, ഇ. അനൂപ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.സി. സനൂപ്, കെ.എസ്. സനൂപ്, വിപിന്‍ കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ചെക്‌പോസ്റ്റില്‍ പരിശോധന നടത്തിയത്. പ്രതികള്‍ക്കെതിരെ എന്‍ഡിപിഎസ് നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പ്രതിയെയും കസ്റ്റഡിയിലെടുത്ത കഞ്ചാവും സ്‌കൂട്ടറുമടക്കമുള്ളവ തുടര്‍നടപടിക്കായി മാനന്തവാടി എക്‌സൈസ് റേഞ്ച് ഓഫീസില്‍ ഏല്‍പ്പിച്ചു.