പാലക്കാട്: മുണ്ടൂരിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഇന്നലെയാണ് മുണ്ടൂർ സ്വദേശി അലൻ കൊല്ലപ്പെട്ടത്. അലന്റെ നെഞ്ചിന് ഗുരുതര പരിക്കേറ്റിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.ആന കൊമ്പ് നെഞ്ചിനകത്ത് കുത്തി കയറിയിരുന്നു. വാരിയെല്ലുകൾ തകർന്നിട്ടുണ്ട്. ആന്തരിക രക്തസ്രാവം സംഭവിച്ചുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. കാലിലും കൈയിലും നിസാര പരുക്കുകളാണുള്ളത്.
അതിനിടെ യുവാവ് കൊല്ലപ്പെട്ടതിൽ ബന്ധുക്കളും നാട്ടുകാരും വൻ പ്രതിഷേധവുമായി രംഗത്തെത്തി. അലന്റെ അമ്മയുടെ ചികിത്സയ്ക്ക് പണം നൽകുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുംവരെ പോസ്റ്റ്മോർട്ടം ചെയ്യാൻ അനുവദിക്കില്ലെന്നറിയിച്ച് മോർച്ചറിക്ക് മുന്നിലായിരുന്നു പ്രതിഷേധം.
നഷ്ടപരിഹാരത്തുക അഞ്ചുലക്ഷവും ചികിത്സ ധനസഹായം ആദ്യ ഗഡു ഒരു ലക്ഷം ഉടൻ കൈമാറാൻ തീരുമാനമായി. അതേസമയം വനം വകുപ്പിന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ നിർദേശം നൽകി.
കുടുംബത്തിന് നഷ്ടപരിഹാരം നൽകണം. അമ്മയുടെ ചികിത്സ പൂർണമായും ഏറ്റെടുക്കണം, കാട്ടാന പ്രശ്നത്തിന് ശാശ്വത പരിഹാരം വേണം. ആവശ്യങ്ങൾ അംഗീകരിക്കുംവരെ പോസ്റ്റ്മോർട്ടവുമായി സഹകരിക്കാതെയായിരുന്നു ബന്ധുകളുടെയും നാട്ടുകാരുടെയും പ്രതിഷേധം.വനം വകുപ്പിന്റെ വീഴ്‌ചയിൽ നടപടി ആവശ്യപ്പെട്ട് സി പി എം ഹർത്താൽ നടത്തി. ബി ജെ പിയും കോൺഗ്രസും സംഘടിപ്പിച്ച മാർച്ച് സംഘർഷത്തിൽ കലാശിച്ചു. കഴിഞ്ഞ ഒരാഴ്‌ചയായി 3 കാട്ടാനകൾ പ്രദേശത്ത് തമ്പടിച്ചിരുന്നു.
ഇന്നലെ കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങിയിട്ടും നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകാത്തത് വനം വകുപ്പിൻ്റെ ഭാഗത്തെ വീഴ്ച്‌ചയാണെന്നാണ് വിലയിരുത്തൽ. മുണ്ടൂരിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാനകൾ.
ഇതേ കാട്ടാനക്കൂട്ടത്തിന് മുന്നിലാണ് അലനും അമ്മ വിജിയും ഇന്നലെ പെട്ടത്. വൈകീട്ട് കടയിൽ നിന്നും സാധനങ്ങൾ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങും വഴി കണ്ണാടൻചോലയ്ക്ക് സമീപമായിരുന്നു സംഭവം.