ന്യൂഡൽഹി :രാജ്യത്തു പെട്രോളിനും ഡീസലിനും 2 രൂപ വീതം എക്സൈസ് ഡ്യൂട്ടി കൂട്ടി കേന്ദ്ര സർക്കാർ. നാളെ (ഏപ്രിൽ 8) മുതലാണ് ഇതു പ്രാബല്യത്തിലാവുക. എക്സൈസ് ഡ്യൂട്ടി കൂട്ടിയെങ്കിലും
ഇന്ധന വിലയിൽ മാറ്റമുണ്ടാകില്ലെന്നു പൊതുമേഖലാ എണ്ണക്കമ്പനികൾ അറിയിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പകരച്ചുങ്കം നടപടിക്കു പിന്നാലെ ആഗോള എണ്ണവിലയിൽ ഇടിവുണ്ടായിരുന്നു. തുടർന്ന് ഇന്ത്യയിൽ ഇന്ധനവില കുറയുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി കേന്ദ്രം എക്സൈസ് ഡ്യൂട്ടി കൂട്ടിയത്. ഇതോടെ, പൊതുജനങ്ങൾക്കു ലഭ്യമാകേണ്ടിയിരുന്ന വിലക്കുറവ് കിട്ടാനിടയില്ല. ക്രൂഡ് വില 4 വർഷത്തെ താഴ്ചയായ 60 ഡോളറിലേക്കാണ് ഇടിഞ്ഞത്. നിലവിൽ കേരളത്തിൽ (തിരുവനന്തപുരം) പെട്രോളിനു ലീറ്ററിന് 107.48 രൂപയും ഡീസലിനു ലീറ്ററിനു 96.48 രൂപയുമാണു വില.
2024 മാർച്ച് 14നാണ് ഇതിനു മുൻപു കേന്ദ്രം എക്സൈസ് ഡ്യൂട്ടിയിൽ മാറ്റം വരുത്തിയത്. അന്നു പെട്രോളിനും ഡീസലിനും ലീറ്ററിനു 2 രൂപ വീതം കുറയ്ക്കുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപായാണ് ഏറെക്കാലത്തിനു ശേഷം ഇന്ധനവിലയിൽ കുറവുണ്ടായത്. ഇതിനുശേഷം കഴിഞ്ഞ ഒക്ടോബർ 30നും ഇന്ധനവിലയിൽ മാറ്റമുണ്ടായി. പെട്രോൾ പമ്പ് ഉടമകൾക്കുള്ള കമ്മിഷൻ കൂട്ടുകയും ചരക്കുനീക്ക ഫീസ് പരിഷ്കരിക്കുകയും ചെയ്തതോടെയാണിത്. അന്നു കേരളത്തിൽ ചിലയിടങ്ങളിൽ നേരിയ തോതിൽ വില കൂടുകയും കുറയുകയും ചെയ്തു.
പെട്രോളിനും ഡീസലിനും ഒരു രൂപ വീതം വില കുറയുമ്പോൾ കേന്ദ്ര സർക്കാരിനു നികുതി വരുമാനത്തിൽ 15,000– 20,000 കോടി രൂപ വരെ കുറയുമെന്നാണു കണക്ക്. ഈ നഷ്ടം ഒഴിവാക്കുന്നതിനാണ് ഇപ്പോൾ എക്സൈസ് ഡ്യൂട്ടി കൂട്ടിയതെന്നാണു നിഗമനം. എക്സൈസ് ഡ്യൂട്ടി കൂട്ടിയതിന്റെ ബാധ്യത എണ്ണക്കമ്പനികൾ ഏറ്റെടുക്കുമെന്നും ഇതുവഴി പൊതുജനങ്ങൾക്കു വിലവർധനയുടെ ഭാരം ഉണ്ടാകില്ലെന്നുമാണു കേന്ദ്ര സർക്കാർ സൂചിപ്പിക്കുന്നത്